എഴുകോണ്‍ പരുത്തന്‍പാറ സെന്റ് ജോൺസ് റോഡ്‌

എഴുകോണ്‍ പരുത്തന്‍പാറ കാരുവേലില്‍ സെന്റ് ജോൺസ് റോഡ്‌ ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.

സെന്റ്‌ ജോണ്‍സ് റസിഡന്‍സ് സ്കൂളിലെ ആയിരത്തിലധികം വിദ്യാർത്ഥികളും വേങ്കുഴി കോളനി നിവാസികളും യാത്രാ സൗകര്യത്തിനു ആശ്രയിക്കുന്ന ഏക റോഡാണിത്.

റോഡ്‌ ടാറിംഗ് നടത്താത്തതിനാല്‍ പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണ്.

എഴുകോണ്‍ പരുത്തന്‍പാറ കാരുവേലില്‍  സെന്റ്‌ ജോൺസ് റോഡിന്റെ ഇരുവശങ്ങളിലുമായി നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. സെന്റ്‌ ജോൺസ് സ്കൂളിലേക്കുള്ള ഏക റോഡും ഇത് തന്നെയാണ്. പൊട്ടിപ്പോളിഞ്ഞതും, കുഴികള്‍ നിറഞ്ഞതുമായ ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്ക്കരമാണ്. ടാറിംഗ് ഇല്ലാതെ, തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര, നിത്യവും അപകട കാരണമാകുന്നു.

ഇതിനെ സംബന്ധിച്ചുള്ള പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല. എല്ലാം വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയാണ്. എം എല്‍ എ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

സെന്റ്‌ ജോൺസ് റോഡിനെ  കരിപ്പുറം റോഡുമായി ബന്ധിപ്പിക്കുന്ന വെങ്കുഴി ജവാന്‍ ജംഗ്ഷന്റെ സ്ഥിതിയും മറിച്ചല്ല. ഈ റോഡിന്റെ പകുതിയിലധികം പണി പൂര്‍ത്തിയായതാണ്. എന്നാല്‍, വെങ്കുഴി കോളനി നിവാസികള്‍ താമസിക്കുന്ന ഭാഗത്ത് റോഡ്‌ പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്നു. ഇരുപതോളം കുടുംബങ്ങള്‍ ഇവിടെ താമസമുണ്ട്. ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനമായും വാഹന സൗകര്യം ഇല്ലാത്തതാണ്. കുട്ടികളെയോ മുതിർന്നവരെയോ ആപത്ത് ഘട്ടത്തില്‍ യാഥാസമയം ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വരുന്നു. ഹരിജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഇവിടെ പട്ടികജാതി ഫണ്ട് വേണ്ടവിധം വിനിയോഗിച്ചിട്ടില്ല എന്ന ആരോപണവുമുണ്ട്. എം എല്‍ എ ഫണ്ട് തികയുന്നില്ല എന്നതിനാല്‍ കൂടുതല്‍ ഫണ്ട് അനുവദിച്ചു കിട്ടുന്നതിനായി പ്രദേശവാസികള്‍ മേലധികാരികള്‍ക്ക്‌ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

പരുത്തന്‍ പാറ സെന്റ്‌ ജോണ്‍സ് റോഡ്‌ എത്രയും വേഗം അധികാരികള്‍ സഞ്ചാരയോഗ്യമാക്കി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password