കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

നിരവധി ക്രിമിനൽ കേസ്സിലെയും കഞ്ചാവ്, കൊട്ടേഷൻ കേസ്സുകളിലെയും പ്രതി കൃഷ്ണപുരം കാപ്പിൽ ദേശത്ത് നല്ലേത്ത് പുത്തൻപുരയിൽ വീട്ടിൽ ഹനീഫ കുഞ്ഞ് മകൻ റിയാസ്ഖാനെ(36) കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഷാഡോ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.


രണ്ടു ദിവസം മുമ്പ്‌ തേവലക്കര പാലയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെ 50 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് കരുനാഗപ്പള്ളി ഷാഡോ എക്സൈസ് റിയാസ്ഖാന്‌
വേണ്ടി വലവിരിച്ചത്. വിദ്യാർത്ഥിയിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്ന് ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ എന്നിവർ ആവശ്യക്കാർ എന്ന വ്യാജേന വിളിച്ച് ആവശ്യപ്പെട്ട പ്രകാരം ഇയാൾ 800ഗ്രാം കഞ്ചാവുമായി ഓച്ചിറ റീജൻസി ബാറിന്റെ മുൻവശത്തുള്ള കള്ളു ഷാപ്പിന്റെ സമീപത്ത് എത്തുകയായിരുന്നു.
എന്നാൽ,എക്സ്സൈസ് ഉദ്യോഗസ്ഥരെകണ്ടു ബൈക്ക്മായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥർ മൽപ്പിടിത്തത്തിലൂടെ റിയാസ്ഖാനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാപ്പിലെ വാടക വീട്ടിൽ നിന്നും 1.335 കി.ഗ്രാം കണ്ടെടുത്തത്. മൊത്തം 2.135 കി.ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. തമിഴ്നാട്ടിൽ തെങ്കാശി-കമ്പം ഭാഗങ്ങളിൽ നിന്നും ആഴ്ചയിൽ 10 കിലോയിലധികം കഞ്ചാവ് ആണ് ഇയാൾ കടത്തിക്കൊണ്ട് വന്ന് ആലപ്പുഴ-കൊല്ലം ഭാഗങ്ങളിൽ വിൽക്കുന്നത്. അതിരാവിലെ തുടങ്ങുന്ന കഞ്ചാവ് കച്ചവടം രാത്രി 11മണി വരെ നീളും. ഇയാൾ കസ്റ്റഡിയിലായ ശേഷം നൂറുകണക്കിന് ആവശ്യക്കാരാണ് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ മൂന്ന് മൊബൈലിലും വിളിച്ചു കൊണ്ടിരുന്നത്. കായംകുളം എക്സൈസിലും ആറന്മുള പോലീസ് സ്റ്റേഷനിലും റിയാസ് ഖാൻന്റെ പേരിൽ കഞ്ചാവ് കേസ്സുകൾ ഉണ്ട്. കായംകുളം പോലീസ് സ്റ്റേഷനിൽ പോലീസുകാരനെ ആക്രമിച്ചത്തിനും കാപ്പിൽ സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിലും കഞ്ചാവ് കേസ്സിലും കൊട്ടേഷൻ കേസ്സിലും കൂടാതെ കരുനാഗപ്പള്ളി, വള്ളികുന്നം പോലീസ് സ്റ്റേഷനിലും 8 ഓളം ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്. മാവേലിക്കര തഴക്കര സ്വദേശിയെ ആക്രമിച്ച കേസിൽ 2 വർഷം ശിക്ഷിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ ജില്ലയിൽ കയറിക്കൂടാ എന്ന ഉത്തരവും നിലവിലുണ്ട്. ജാമ്യത്തിൽ കഴിഞ്ഞുവരുമ്പോഴാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ.ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.സുരേഷ്കുമാർ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, അജയഘോഷ്, പ്രസാദ് എന്നിവർ പങ്കെടുത്തു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password