സന്ധിവാതം മൂലമുള്ള മുട്ടു വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകന്‍. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനായ മലപ്പുറം സ്വദേശി ഡോ. ബെന്നി ആന്റണി ഈത്തക്കാട്ട് ആണ് ഇതേപ്പറ്റി ഗവേഷണം നടത്തിയത്. ബെന്നിയും സംഘവും നടത്തിയ പഠനം അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഔദ്യോഗിക ജേണലായ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഇടം നേടി.
മഞ്ഞളില്‍ നിന്ന് കുര്‍കുമിന്‍, പോളി സാക്രൈഡ് എന്നിവ വേര്‍തിരിച്ചെടുത്താണ് ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പരീക്ഷണം നടത്തിയത്. ഇതിനായി 20 ശതമാനം കുര്‍കുമിനും 80 ശതമാനം പോളി സാക്രൈഡുമാണ് വേര്‍തിരിച്ചെടുത്തത്. മുട്ട് തേയ്മാനമുള്ള 70 പേരെ കണ്ടെത്തി അവരില്‍ 35 പേര്‍ക്ക് മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സത്ത് നല്‍കുകയാണ് ചെയ്തത്. ബാക്കി 35 പേര്‍ക്ക് മഞ്ഞള്‍ സത്ത് പോലെയുള്ള മരുന്നും നല്‍കി. മൂന്ന് മാസം ഇവരെ നിരീക്ഷിച്ചു. മറ്റുള്ളവരില്‍ നിന്ന് മഞ്ഞള്‍ സത്ത് കഴിച്ച 35 പേര്‍ക്ക് വേദനയ്ക്ക് കൂടുതല്‍ ശമനമുണ്ടെന്ന് കണ്ടെത്തിയതായും ഡോ. ബെന്നി പറഞ്ഞു.