രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭൂമിശാസ്ത്രപരമായ അതിരുകളും കാത്തു സൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരണമെന്ന് കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന 74-മത് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് വനം വകുപ്പ് മന്ത്രി കെ രാജു.
ആയിരക്കണക്കിന് ദേശാഭിമാനികളുടെ ജീവത്യാഗത്തിന്റെയും സമര്‍പ്പിത പോരാട്ടങ്ങളുടെയും പരിണതഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും സ്വാതന്ത്ര്യദിന സന്ദേശമായി മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നീടുമ്പോള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളം മാതൃകയാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും കേരളം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധീരമായ ചുവടുകള്‍ വച്ചു മുന്നോട്ട് പോകുകയാണ്.
അടച്ചിടല്‍ കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ കരുതലോടെ പ്രവര്‍ത്തിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. പൊതുവിതരണ ശൃംഖല വഴി സൗജന്യ റേഷന്‍, ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ്, ക്ഷേമ പെന്‍ഷനുകള്‍, കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ എന്നിങ്ങനെ ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിയെന്നും മന്ത്രി പറഞ്ഞു.
രാജമല ദുരന്തത്തെ സൂചിപ്പിച്ചുകൊണ്ട് പാരിസ്ഥിക വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓര്‍മ്മിപ്പിച്ചു. സമീപകാലത്ത് രാജ്യത്തിന്റെ അതിര്‍ത്തികളിലുള്‍പ്പടെ ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങളില്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന സൈനികരെയും മന്ത്രി സ്മരിച്ചു.
കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ്-എക്‌സൈസ്- അഗ്നി സുരക്ഷാ സേനാംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
രാവിലെ ഒന്‍പതിന് മന്ത്രി ദേശീയ പതാക ഉയര്‍ത്തി. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, പോലീസ് ബാന്‍ഡ് ട്രൂപ്പ്, പോലീസ് വനിതകള്‍ എന്നിവരടങ്ങിയ അഞ്ച് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. മന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനും ദേശീയഗാനാലാപനത്തിനും ശേഷം ചടങ്ങുകള്‍ക്ക് വിരാമമായി.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ.അനുരൂപ്, ജില്ലാ ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സ്റ്റാഫ് നഴ്‌സുമാരായ സൂസന്‍ ചാക്കോ, ലിഷ, പാരാമെഡിക്കല്‍ ജീവനക്കാരായ ഷീജ, രജനി, ശുചീകരണ തൊഴിലാളികളായ അനില്‍കുമാര്‍, ജയപ്രിയ, കോവിഡ് 19 രോഗമുക്തി നേടിയ ജിക്‌സണ്‍, ശേഖര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തെര്‍മല്‍ സ്‌കാനിംഗ് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളോടെയാണ് ചടങ്ങ് നടന്നത്. പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരൻമാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.
എം നൗഷാദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ സി.ജെ.ഹരികുമാര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ എ പ്രതീപ്കുമാര്‍, ഷൈനു തോമസ്, ഗോപകുമാര്‍, നാസറുദ്ദീന്‍, അഭിലാഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.