കരുനാഗപ്പള്ളിയിൽ കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽ ഒരാൾ മരിച്ചു.
പത്ര ഏജന്റായ തൊടിയൂർ സ്വദേശി 60 വയസുള്ള യൂസഫാണ് മരിച്ചത്.
വെളുപ്പിന് 5 മണിയോടെയായിരുന്നു സംഭവം.
പുലർച്ചെ പടനായർകുളങ്ങര ക്ഷേത്രത്തിന് സമീപം പത്രക്കെട്ടുകൾ എത്തുന്ന കടയിലേക്കാണ് ലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്.
അപ്പോൾ അവിടെ പത്രക്കെട്ടുകൾ തരം തിരിക്കുകയായിരുന്നു പത്ര ഏജന്റൻമാരും വിതരണക്കാരും.
എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടൈനർ ലോറി ഈ ഭാഗത്തെത്തുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡർ ഭേദിച്ച് ഇവരുടെ ഭാഗത്തേക്ക് കയറുകയായിരുന്നു.
ലോറിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പലരും ഓടി രക്ഷപ്പെട്ടു.
എന്നാൽ, യൂസഫിന് രക്ഷപ്പെടാനായില്ല. യൂസഫ് ലോറിക്കടിയിൽപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ് ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ യൂസഫിനെ വലിച്ചെടുക്കുകയായിരുന്നു.
അപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോകും വഴി യൂസഫ് മരിച്ചു.
മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലോറി ഡ്രൈവർക്കും പരിക്കേറ്റു.
ലോറി ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.
റോഡിൽ രണ്ട് മണിക്കൂറോളം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.