തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവ, കര്‍ണാടക തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വരുന്ന 12 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് കണക്കാക്കുക. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 വൈകിട്ടോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേയ്ക്ക് പ്രവേശിക്കുമെന്നുമാണ് നിലവിലെ അനുമാനം.
ടൗട്ടെയുടെ പ്രഭാവത്തില്‍ കേരളത്തില്‍ ആകമാനം ശക്തമായ മഴയും കാറ്റും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.