കേരളത്തെ വടക്കു–-തെക്കു ബന്ധിപ്പിക്കുന്ന അർധ അതിവേഗ റെയിൽപാതയ്‌ക്കു (സിൽവർ ലൈൻ പദ്ധതി) വേണ്ടി ജില്ലയിൽ ഏറ്റെടുക്കുന്നത് 83.6 ഹെക്ടർ. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ജില്ലയിൽ സ്ഥലമെടുപ്പ്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന റെയിൽപാതയ്‌ക്കുവേണ്ടി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിനായി സ്‌പെഷ്യൽ ഓഫീസുകൾ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. എറണാകുളം കേന്ദ്രീകരിച്ച് സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഓഫീസും ജില്ലകളിൽ സ്‌പെഷ്യൽ തഹസീൽദാർ ഓഫീസും പ്രവർത്തിക്കും. പദ്ധതിയുടെ വിശദ പഠനറിപ്പോർട്ട് (ഡിപിആർ) റെയിൽ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്ക് സമർപ്പിച്ചു. പദ്ധതിക്ക് വിദേശ സാമ്പത്തികസഹായം ഉറപ്പാക്കാൻ ശ്രമിക്കുന്നതായി റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ അറിയിച്ചിരുന്നു.
സിൽവർലൈൻ പാതയിൽ ജില്ലയിലെ സ്റ്റേഷൻ പാലത്തറയിലാകും. കാസർകോടുനിന്ന് ആരംഭിക്കുന്ന പാത ചെങ്ങന്നൂർ സ്റ്റേഷൻ കഴിഞ്ഞാൽ ചാരുംമൂട് വഴി ജില്ലയിലേക്ക് പ്രവേശിക്കും. ശൂരനാട് വടക്ക് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലൂടെ കടന്നുപോകുന്ന പാത പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട്, ശാസ്‌താംകോട്ട വില്ലേജിന്റെ കിഴക്കൻ മേഖല, കുണ്ടറ വഴി പാലത്തറയിൽ എത്തും. അവിടെ നിന്ന് പാരിപ്പള്ളിക്ക് കിഴക്കുഭാഗത്തുകൂടി തിരുവനന്തപുരത്തേക്ക് നീളും. അവസാന സ്റ്റേഷൻ കൊച്ചുവേളിയാണ്. പുതിയ പാതയിൽ കൊച്ചുവേളി –- കൊല്ലം യാത്രയ്‌ക്ക് 24 മിനിറ്റ് മതി.
എറ്റെടുക്കുന്ന സ്ഥലം (ബ്രാക്കറ്റിൽ ബ്ലോക്ക് നമ്പർ)
കൊല്ലം താലൂക്കിലെ വില്ലേജുകൾ:
ആദിച്ചനല്ലൂർ (28), ചിറക്കര (31), ഇളമ്പള്ളൂർ (17), കല്ലുവാതുക്കൽ (38, 40), മീനാട് (30, 31, 32), മുളവന (9, 10), പാരിപ്പള്ളി (40), താഴത്തുമല (28), തൃക്കോവിൽവട്ടം (22, 23).
കൊട്ടാരക്കര താലൂക്ക്:
കൊട്ടാരക്കര (17), പവിത്രേശ്വരം (2).
കുന്നത്തൂർ താലൂക്ക്:
കുന്നത്തൂർ (16), പോരുവഴി (5, 6), ശാസ്താംകോട്ട (15).