പ്രദേശം മാലിന്യ മുക്തമാക്കാന്‍ തുമ്പോര്‍ മൊഴി മാതൃകയില്‍ ജൈവ കൃഷി ചെയ്തു വിജയഗാഥ രചിക്കുകയാണ് കൊല്ലം തങ്കശ്ശേരി തീരദേശത്തെ ഗാന്ധി സേവ സംഘം പ്രവര്‍ത്തകര്‍. ഇവരോടൊപ്പം ശുചിത്വ കൗണ്‍സിലും കൊല്ലം കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു. മത്സ്യ ഗ്രാമ പദ്ധതിയില്‍പ്പെടുത്തിയാണ് കൃഷിയില്‍ ജൈത്രയാത്ര തുടരുന്നത്.
ജനപങ്കാളിത്തം കൂടി ഒത്തു ചേര്‍ന്നതോടെ ഒരു പരിസരമാകെ മാലിന്യമുക്തമാക്കുന്നതിന് സാഹചര്യം ഒരുങ്ങുകയാണ്. തങ്കശേരി ബസ് വേയ്ക്കു സമീപം 25 സെന്റോളം ഒഴിഞ്ഞു കിടന്ന തീരദേശസ്ഥലം തരപ്പെടുത്തി കൃഷിയ്ക്ക് ഉപയുക്തമാക്കുകയായിരുന്നു. ഈ ഭാഗത്ത് മാലിന്യനിക്ഷേപം പതിവായിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് അസഹ്യമായ ദുര്‍ഗന്ധത്താല്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പരിഹാരമായി ഗാന്ധി സേവ സംഘം പ്രവർത്തകർ രംഗത്തെത്തിയതോടെ കൃഷിയിലൂടെ ഒരു പരിവേഷത്തിന് സാഹചര്യമൊരുക്കുകയായിരുന്നു. അതിന്റെ ഭാഗമായി പ്രദേശ വാസികളുമായി ചേര്‍ന്ന് ഗാന്ധി സേവ സംഘം പ്രവര്‍ത്തകര്‍ ഒരു രൂപരേഖയുണ്ടാക്കി. അതില്‍ ശുചിത്വ കൗണ്‍സിലും കോര്‍പ്പറേഷനും ഭാഗഭാക്കായി. ആദ്യമായി പ്രദേശത്തെ എല്ലാ മാലിന്യവും സംഭരിച്ച് ജൈവവളമാക്കുന്നതിനുള്ള “എയറോബിക്ക് യൂണിറ്റുകള്‍” സ്ഥാപിക്കുവാന്‍ പദ്ധതിയിടുകയായിരുന്നു. അതിനു കാര്‍ഷിക സര്‍വ്വകലാശാലയുടെ സഹായവും തേടിയിരുന്നു. അവരുടെ സഹായത്തോടെ സംസ്കരിക്കാനുള്ള മാലിന്യത്തില്‍ “ഇനാക്കുലം” എന്ന രാസവസ്തുവും ചേര്‍ത്ത് ദുര്‍ഗന്ധം അകറ്റി ജൈവ വളമാക്കി മാറ്റാന്‍ പ്രത്യേക സംവിധാനവും ഒരുക്കി. ഇങ്ങനെ ലഭിക്കുന്ന ജൈവ വളം കൃഷി ഫലഭൂയിഷ്ഠമാക്കാൻ പ്രയോജനപ്പെടുത്തുകയായിരുന്നു. അതോടെ, ഒരുവിധപ്പെട്ട എല്ലാ കൃഷികളും ഇവിടെ തളിരിടാന്‍ വഴിയൊരുക്കുകയായിരുന്നു. വെണ്ട, തക്കാളി, പയര്‍, ചീര, മുളക്, ഏത്തന്‍ തുടങ്ങി ഇങ്ങനെ നീണ്ട് പോകുന്നു കൃഷികളുടെ നിര.
കാര്‍ഷികാഭിവൃത്തിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ കൃഷിയെ മറ്റുള്ള സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.ഇതോടൊപ്പം അതാതു പ്രദേശത്തെ മാലിന്യ നിര്‍മ്മര്‍ജനവും സാധ്യമാകുന്നു എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകതയും. ഇത്തരം സംരഭത്തിലൂടെ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും വഴി തെളിയുന്നതോടെ ജനങ്ങളില്‍ ഒരു അവബോധം കൂടി ഉണ്ടാക്കുകയാണെന്ന് കോര്‍പ്പരേഷന്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ പറയുന്നു.
ഈ മാതൃക സമൂഹം പിന്തുടര്‍ന്നാല്‍ രാജ്യം പുരോഗതിയുടെ പടവുകള്‍ കയറാന്‍ പര്യാപ്തമാകുമെന്നു അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ നന്മയുടെയും ഉയര്‍ച്ചയുടെയും ഭാഗമാണു കാര്‍ഷിക രംഗത്തിനുള്ളതെന്നു ഗാന്ധി സേവ സംഘം പ്രവര്‍ത്തകനായ ജെ. സ്റ്റാൻലി പറയുന്നു. നന്മയുടെ പാത പിന്തുടരുമ്പോള്‍ സമൂഹവും വളരും. നാടിന്റെ കാര്‍ഷിക രംഗത്തെ പോയ പ്രതാപം വീണ്ടെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടെങ്കില്‍ അതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തില്‍ അൻപതിനായിരത്തില്‍പ്പരം രൂപയ്ക്കുള്ള കൃഷി വിഭവങ്ങള്‍ വിറ്റഴിക്കാനായി.അത്രത്തോളം തുകയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി പ്രദേശ വാസികള്‍ക്ക് നല്കാനായതായും സ്റ്റാൻലി പറഞ്ഞു.
ത്യാഗവും സന്നദ്ധതയും ഉണ്ടെങ്കില്‍ ഏതു കാര്യവും വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഗാന്ധി സേവ സംഘത്തിന്റെ ഈ കാര്‍ഷിക വൃത്തി. അഭിവൃദ്ധിയിൽ നിന്നും അഭിവൃദ്ധിയിലേക്ക് പോകാന്‍ കൂട്ടായ പ്രവര്‍ത്തനവും അര്‍പ്പണ ബോധവും ഏതു പ്രവര്‍ത്തിയുടെയും അല്ലെങ്കില്‍, ഏത് പദ്ധതിയുടെയും വിജയത്തിന്റെ അഭിവാജ്യഘടകങ്ങളാണ്. അത് തന്നെയാണ് ഈ കൃഷിയുടെ വിജയത്തിന്റെയും ആധാരം.