പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലായിരുന്നു ആരോപണം. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് മൊഴി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, കേസില്‍ മുഹമ്മദ് ഹനീഷിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തി. മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്നും തന്നെ കേസില്‍ പെടുത്തിയതാണെന്നും ടിഒ സൂരജ് പ്രതികരിച്ചു.