മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. രാവിലെ പത്തിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ കാണുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ശിവസേന ശ്രമം തുടങ്ങി .സോണിയ ഗാന്ധിയെ നേരില്‍ കാണുന്നതിനായി പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് ദല്‍ഹിയിലേക്ക് തിരിച്ചു.
സഞ്ജയ് റാവത്ത് സോണിയാ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്‍പേ റാവത്ത് മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കാണുന്നുണ്ട്. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷം സഖ്യ രൂപീകരണത്തെ പറ്റി അന്തിമ തീരുമാനം എടുക്കുമെന്നാണ് ശരത് പവാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാവിലെ 9.30 ന് മുംബൈയിലെ റിട്രീറ്റ് റിസോര്‍ട്ടില്‍ വെച്ചാണ് ശിവസേന എം.എല്‍.എമാരുടെ യോഗം . എന്‍.സി.പി കോര്‍ കമ്മിറ്റി യോഗം രാവിലെ 10 ന് വൈ ബി ചവാന്‍ സെന്ററില്‍ വെച്ചും നടക്കും. യോഗത്തില്‍ മുതിര്‍ന്ന നേതാവ് ശരദ് പവാറും പങ്കെടുക്കും.