മരിച്ച പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ചേര്‍ത്തുവെച്ച് ആശുപത്രിക്കു മുന്‍പില്‍ കരയുന്ന യുവതിയുടെ ചിത്രം ഹൃദയഭേദഗമായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്‍വശമാണ് കരളലിയിക്കുന്ന രംഗങ്ങള്‍ നടന്നത്. തമിഴ്നാട് മേല്‍മുത്തന്നൂര്‍ സ്വദേശികളായ സത്യരാജ്-ഉഷ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. പ്രസവത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി എന്തുചെയ്യണമെന്നറിയാതെ കെട്ടിപ്പിടിച്ചു കരഞ്ഞ യുവതിക്കും അമ്മയ്ക്കും സഹായവുമായി ഒടുവില്‍ നാട്ടുകാര്‍ ഒരുമിക്കുകയായിരുന്നു.
പ്രസവത്തില്‍ കുഞ്ഞ് മരിച്ചതോടെ ഭര്‍ത്താവ് സത്യരാജ് ഉഷയെ ഉപേക്ഷിച്ചു പോയി. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ രണ്ടാഴ്ച മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാസം തികയാതെ ഉഷ പ്രസവിച്ചു. ഹൃദയമിടിപ്പ് കുറവായിരുന്ന കുട്ടി വൈകാതെ തന്നെ മരിക്കുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്കും കയ്യിലെ പണമെല്ലാം തീര്‍ന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇനിയെന്തെന്നുള്ള ചോദ്യം ബാക്കിയായി. പലരോടും സഹായം തേടിയെങ്കിലും എല്ലാവരും ഇവരെ അവഗണിക്കുകയായിരുന്നു. ഒടുവില്‍ അമ്മയും മകളും കെട്ടിപ്പിടിച്ചു കരയുന്നതു ശ്രദ്ധയില്‍പെട്ട ആംബുലന്‍സ് ഡ്രൈവറും സാന്ത്വനം വൊളന്റിയര്‍ ക്യാപ്റ്റനുമായ നൗഫലും സുഹൃത്ത് ഇര്‍ഷാദും വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. നഗരസഭാധ്യക്ഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിന് സൗകര്യം ഒരുക്കി.