കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനുള്ള പതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ബെവ്കോയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനമായി. സ്ഥിതി രൂക്ഷമായ കാസര്‍കോഡ് ജില്ലയില്‍ ബാറുകള്‍ പൂര്‍ണമായി അടക്കും.
വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനം കൈകൊണ്ടു. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്. കൊവിഡ്-19 ബാധിച്ച സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാനും, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് കണക്കിലെടുത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
അതേസമയം കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമാകും പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേര്‍ന്നുള്ള ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. ആഴ്ചയില്‍ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുക. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍, ജാമ്യ അപേക്ഷകള്‍ എന്നിവ മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിക്കും.