തൊഴിലാളി പ്രസ്ഥാന രംഗത്ത് ഇന്ത്യയിൽ ആദ്യമായി തൊഴിലാളികൾക്ക് ബോണസ് അവകാശം അംഗീകരിക്കപ്പെട്ടത് കൊല്ലത്താണ്. അതിനായി ആദ്യമായി രംഗത്തിറങ്ങിയത് കശുവണ്ടി തൊഴിലാളികളാണ്. സമര നേതാവ് എം എൻ ഗോവിന്ദൻ നായരായിരുന്നു. അതിനു സന്മനസ്സ് കാട്ടിയത് കൊല്ലത്തെ മുതലാളിമാരും . നീക്കി വയ്ക്കപ്പെട്ട കൂലിയാണ് ബോണസെന്ന് മുതലാളിമാരെ കൊണ്ട് അംഗീകരിപ്പിച്ചത് വർഗ്ഗ ബോധം ഉള്ള കശുവണ്ടി തൊഴിലാളികൾ ആയിരുന്നു.
1945 ൽ ബോണസിനായി തൊഴിലാളികൾ നടത്തിയ സമരത്തെ ചുക്കാൻപിടിച്ച എം എൻ ഗോവിന്ദൻ നായരെ ഐ ജി ആയിരുന്ന പാർത്ഥസാരഥി സന്ധിസംഭാഷണത്തിന് ക്ഷണിച്ചു.
കൊല്ലം ഡി എസ് പി ഓഫീസിലാണ് സംഭാഷണം നടന്നത്. സന്ധി സംഭാഷണത്തിൽ നാലുശതമാനം ബോണസ് തൊഴിലാളികൾക്ക് നൽകുന്ന പക്ഷം സമരം പിൻവലിക്കാൻ തയ്യാറാണെന്ന് എം എൻ എഴുതി ഒപ്പിട്ടു നൽകി. അതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി മുതലാളിമാരും തങ്ങൾ കുഞ്ഞു മുസ് ലിയാരും ഐ ജി യുടെ നിർദേശപ്രകാരമുള്ള എഗ്രിമെന്റിൽ ആവശ്യം അംഗീകരിച്ചു. അതോടെ ഇന്ത്യയിൽ ആദ്യമായി തൊഴിലാളികൾക്ക് നീക്കി വയ്ക്കപ്പെട്ട കൂലിയിനത്തിൽ ബോണസ് ലഭിച്ചു. എന്നാൽ, ഇന്ത്യയിൽ ആദ്യമായി സർക്കാരിന്റെ അംഗീകാരം കൂടാതെ തൊഴിലാളികൾക്ക് ബോണസ് ലഭിച്ചത് എച്ച് ആൻറ് സി യിൽ നിന്നുമാണ്.