പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. സമീപ ദിവസങ്ങളിലായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇത്തരത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് പേർ ഇന്നലെ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനിൽ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12 ന് പുലർച്ചെ ഒന്നരയോടെയാണ് ആർ എസ്എസ് ഓഫീസിന്നേരെ ബോംബേറുണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ ജനൽച്ചില്ലുകളും കസേരകളും തകർന്നിരുന്നു. ഈ സമയം ഓഫീസിൽ 2 പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. അങ്ങനെയാ് രണ്ട് പേരെ പിടികൂടിയത്. ആർഎസ്എസ് ഓഫീസിന്‍റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയത്.കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനും സ്ഫോടനങ്ങൾക്കും ഒരു കുറവുമില്ല.
ബോംബ് നിർമ്മിച്ചതും പൊട്ടിത്തെറിയിൽ കൈകാലുകൾ നഷ്ടപ്പെട്ടതും ഉൾപെടെ കഴിഞ്ഞ 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനക്കേസുകള്‍. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മമാർ, പറമ്പിൽ കളിക്കുന്ന കുട്ടികൾ ഇങ്ങനെ നിസ്സഹയരായ മനുഷ്യരാണ് ബോംബ് സ്ഫോടനത്തിന് ഇരകളാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ സ്‌ഫോടനത്തില്‍ മറുനാടന്‍ തൊഴിലാളികളായ അച്ഛനും മകനും മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രത്തിൽ നിധിയാണെന്ന് കരുതിയാണ് അസംകാരൻ ഷഹീദുൾ സ്ഫോടന വസ്കു വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ ഫസൽ ഹഖിനോടൊപ്പം പാത്രം തുറന്നപ്പോഴുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേരും ചിതറിപ്പോയി.