27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeകൊല്ലം മുണ്ടയ്ക്കൽ കളരി ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തി തുറന്ന് പണം അപഹരിച്ചു;...

കൊല്ലം മുണ്ടയ്ക്കൽ കളരി ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തി തുറന്ന് പണം അപഹരിച്ചു; പല ആവർത്തിയായിട്ടും നടപടിയില്ല

കൊല്ലം മുണ്ടയ്ക്കൽ കളരി മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവനും അപഹരിച്ചു. പല ആവർത്തിയായിട്ടും നടപടിയില്ല.ആഗസ്റ്റ് 12 നാണ് സംഭവം. നിറഞ്ഞ ഭണ്ഡാര വഞ്ചിയാണ് കുത്തി തുറന്നത്. ഒപ്പം തിടപ്പള്ളി കതകും കുത്തി തുറക്കാൻ വിഫലശ്രമം നടത്തി. പല തവണ ഇങ്ങനെ നടന്നിരുന്നു. അപ്പോഴൊക്കെ പോലീസിൽ പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.

കൊല്ലം മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളീക്ഷേത്രത്തോട് അനുബന്ധിച്ചുള്ളതാണ് മുണ്ടയ്ക്കൽ കളരി മഹാദേവ ക്ഷേത്രം. ഇത് ഭദ്രകാളീ ക്ഷേത്രത്തിൽ നിന്നും ഏതാനും വാരെ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, ഭദ്രകാളീ ക്ഷേത്രം വക ഒരു കാവ് ഭാഗം കൂടി കളരിക്ക് സമീപമായുണ്ട്.

കർക്കിടക മാസം തുടങ്ങുന്നതിന് മുമ്പ് കളരി മഹാ ദേവ ക്ഷേത്രത്തിൽ 9.07.22 ൽ വാർഷിക പ്രതിഷ്ഠ നടന്നിരുന്നു.

മുണ്ടയ്ക്കൽ ഭദ്രകാളീ ക്ഷേത്രത്തിന് ഭരണം സംബന്ധിച്ച് എഴുതപ്പെട്ട നിയമം വ്യവസ്ഥാപിതമായിട്ടില്ലാത്തതിനാൽ, കാലാകാലങ്ങളായി, ദൈനം ദിന കമ്മിറ്റി എന്ന പേരിൽ ഭരണം നടന്നു വരുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നീണ്ട നിയമ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രമാണ് ക്ഷേത്രത്തിനുള്ളത്. ഏക്കറ് കണക്കിന് ഭൂമിയും മറ്റ് വസ്തുവകകളും ഉണ്ടായിരുന്ന ക്ഷേത്രത്തിന് ഇപ്പോൾ അവശേഷിക്കുന്നത് ലജ്ജിപ്പിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കളും മറ്റും മാത്രമാണ്.

ലിഖിതമായ ചരിത്ര രേഖകളും കോടതി ഉത്തരവുകളുടെ പകർപ്പുകളും(15 ഡീഡുകൾ) ഉണ്ടെങ്കിലും പിന്നിലെ ചില സ്ഥാർത്ഥമതികൾ അവ പൂഴ്ത്തി വെച്ച്, കുടുംബാംഗങ്ങളെ തെറ്റിധരിപ്പിച്ച്, ഭരണം നടത്തി വരുകയാണെന്ന് അവർ പറയുന്നു.

മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളീക്ഷേത്രം എട്ട് ആശാൻ കുടുംബാംഗങ്ങളുടെ വകയാണ്. പക്ഷേ, ഈ കുടുംബാംഗങ്ങളിൽ ഇന്നത്തെ തലമുറയ്ക്ക്; പ്രത്യേകിച്ചും ക്ഷേത്രം സംബന്ധിച്ച് കൂടുതലൊന്നും അറിയാത്തതിനാൽ അവരാരും ക്ഷേത്രത്തിന്റെ ഒരു പശ്ചാത്തലത്തിലും പങ്കെടുക്കുകയോ, താത്പര്യം കാണിക്കുകയോ ചെയ്യാറില്ല.

നിഗൂഢ രഹസ്യത്തിന്റെ ഭാഗമാണ് ദൈനം ദിന കമ്മിറ്റിയെന്ന് പറയുന്നു. ഈ കമ്മിറ്റി ഒരു ക്ഷേത്രത്തെ സംബന്ധിച്ച ഒരു നിയമാവലിക്ക് വിധേയമായല്ല പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും ലക്ഷക്കണക്കിന് വരുമാനം ലഭിക്കുന്ന ആരാധനാലയത്തിൽ ഒരു “പാറ്റേൺ” ഇല്ല. ഈ കമ്മിറ്റി തുടർന്നു വരുന്നത് തീർത്തും നിയമ വിരുദ്ധവും കൂടുംബാംഗങ്ങളോടും ഭക്തരോടും അവഹേളനത്തോടെയാണെന്നും ഇവർ ആരോപിക്കുന്നു.

കുടുംബാംഗങ്ങളിലെ ചില വനിതകൾ രംഗത്ത്

തുടർന്നു വരുന്ന ദൈനം ദിന കമ്മിറ്റിയെ ചോദ്യം ചെയ്ത് ഒരു വിഭാഗം വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.
ക്ഷേത്രത്തിലെ വരുമാനം, കളരിയിലെ ഇടയ്ക്കിടെയുളള വഞ്ചി കുത്തി തുറക്കൽ, വഴിപാടുകളിലെ ക്രമക്കേടുകൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ചോദ്യം ചെയ്ത് വനിതകൾ എത്തിയത് ദൈനം ദിന കമ്മിറ്റിയെ പ്രകോപിതരും ഈ വനിതകളെ എതിരാളികളുമാക്കിയിരിക്കുകയാണ്.

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ” ട്രസ്റ്റ്” രൂപീകരണത്തോടുള്ള ഒരു ഭരണ സമിതി ക്ഷേത്രമാണ് വനിതകളുടെ ആവശ്യം. അതിനുള്ള പോരാട്ടം അവർ നടത്തി വരുകയാണ്.

കർക്കിടക മാസം തുടങ്ങും മുമ്പ്, പ്രതിഷ്ഠാ വാർഷികം കഴിഞ്ഞപ്പോൾ, കളരിയിലെ വഞ്ചി പൊട്ടിക്കണമെന്ന് വനിതകൾ ദൈനം ദിന കമ്മിറ്റി സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്ന് സെക്രട്ടറി ജൂലൈ 15 ന് ക്ഷേത്രത്തിന്റെ ഒരു വാട്ട്സ് ആപ് ഗ്രൂപ്പിൽ വഞ്ചി തുറക്കുന്നത് സംബന്ധിച്ച് രാത്രി 9.11 ന് അറിയിപ്പ് നല്കിയിരുന്നു.

എന്നാൽ, മൂപ്പൻമാരുടെ സെക്രട്ടറി(ഓരോ കുടുംബത്തിലും ഏറ്റവും മുതിർന്ന ഒരാളാണ് മൂപ്പൻ) ഇത് താത്ക്കാലികമായി മാറ്റി വെയ്ക്കാൻ ദൈനം ദിന സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതും പ്രകാരം വഞ്ചി പൊട്ടിക്കൽ മാറ്റി വെച്ചു. തുടർന്ന് അടുത്ത ദിവസം ജൂലൈ 16 ന് സെക്രട്ടറി പോസ്റ്റും ഇട്ടു.

എന്നാൽ, അതിനു ശേഷം മൂന്നാഴ്ചകൾ പിന്നിട്ടിട്ടും വഞ്ചി തുറക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ 12-ാം തീയതി ഭണ്ഡാരവഞ്ചി കുത്തി തുറന്ന് മോഷണവും നടന്നു. ഉത്തരവാദികൾ ആരാണ്? പ്രതിഷേധവുമായി വനിതകൾ ചോദ്യ ശരങ്ങൾ ഇടുന്നു.

അനാവശ്യമായി ക്ഷേത്രത്തിനകത്ത് ഏതാനും ചിലർ പതിവായി സമ്മേളിക്കാറുണ്ടെന്ന് വനിതകൾ പറയുന്നു. ഇത് എന്തിന് വേണ്ടിയാണ്? നിലവിലുള്ള സി സി ടി വി കാമറ ഇടയ്ക്കിടെ നിശ്ചലമാകുമ്പോൾ നന്നാക്കാൻ വരുന്ന സമയ ദൈർഘ്യത്തിന്റെ ദിവസങ്ങളിലാണ് പതിവായി വഞ്ചി കുത്തി തുറന്ന് മോഷണം നടക്കുന്നത്. ഇത് അതി വിചിത്രമാണ്. കഴിഞ്ഞ കർക്കിടക മാസത്തിൽ(2021) ക്ഷേത്രത്തിൽ ഒരു വായനയ്ക്ക് പകരം രണ്ടും മൂന്നും വായന അന്നത്തെ സെക്രട്ടറി നടത്തിയിരുന്നതായി ഒരു വനിത പറഞ്ഞു. മൂപ്പൻ കമ്മിറ്റിയിൽ പരാതിപ്പെട്ടപ്പോൾ ഒരു മൂപ്പൻ തെളിവുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെങ്കിൽ കാണിക്കാൻ പറഞ്ഞു. പിന്നെ ദിവസങ്ങൾ പോയി. അങ്ങനെ വൃശ്ചികം വന്നു. വൃശ്ചിക മാസം ഒന്നാം തീയതി നാല് വായന വെച്ചിരുന്നു. അന്ന് ഫോട്ടോയെടുത്ത് തെളിവ് സഹിതം പരാതിയെഴുതി മൂപ്പൻ കമ്മിറ്റിക്ക് കൊടുത്തു. അവർ അന്ന് ചർച്ച ചെയ്ത് ‘ഒരു വായന ഒരു ദിവസം’ നടത്താനാകൂ എന്ന് തീരുമാനിച്ച് മിനിട്ട്സ് ബുക്കിലും എഴുതി വെച്ചു. അപ്പോഴേക്കും ചിറപ്പും തീർന്നു. നടത്തിയവർ രണ്ടും മൂന്നു വായനയും നടത്തി പോയി. പക്ഷേ, ഇത് വീണ്ടും ക്ഷേത്രത്തിൽ ആവർത്തിക്കുകയാണെന്ന് അവർ പറഞ്ഞു.

ഇനിയെങ്കിലും മോഷണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തിയില്ലെങ്കിൽ ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്ന് അവർ വ്യക്തമാക്കി. പല തവണയായിട്ടും ഒരു പരിഹാരവും ഉണ്ടാവാത്തതാണ് ഇതിന് പ്രധാന കാരണമായി ഇവർ ചൂണ്ടികാണിക്കുന്നത്.

ഇത്തരം സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും പ്രതികളെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെയും മറ്റ് ഭക്തജനങ്ങളുടെയും ആവശ്യം. അല്ലെങ്കിൽ, ശക്തമായ പ്രക്ഷേഭത്തിന് ഒരുങ്ങുകയാണ് ഇവർ.

- Advertisment -

Most Popular

- Advertisement -

Recent Comments