തൃശൂർ വടക്കേക്കാട് പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പൊലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്.
ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
പ്രതികൾ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു . ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.രണ്ട് മാസം മുൻപാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡനം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതോടെ സ്‌കൂൾ അധികൃതർ കൗൺസിലിങ് നടത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് മൊഴിയിൽ പറഞ്ഞു. മെയ് മാസം ട്യൂഷൻ സെന്ററിൽ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി പറഞ്ഞു.