സുപ്രധാന പാർലമെൻറി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷം പുറത്തായി. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശനം ഉന്നയിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്ത് വന്നത്. ഇതോടെ കോൺഗ്രസിന് ഒരു പാർലമെന്ററി സമിതിയുടെ മാത്രം അധ്യക്ഷ പദമാണ് ഉള്ളത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന് ഒരു പാർലമെന്ററി സമിതിയുടെയും അധ്യക്ഷ പദമില്ലാത്ത സ്ഥിതിയായി.
ആഭ്യന്തര കാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോൺഗ്രസ് എംപി മനു അഭിഷേക് സിങ്വിയെ മാറ്റി പകരം ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു. ഈ സമിതിയെ മുൻപ് നയിച്ചത് കോൺഗ്രസിലെ തന്നെ ആനന്ദ് ശർമ്മയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരായിരുന്നു ഐടി കാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷൻ. ഇദ്ദേഹത്തെ മാറ്റി മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ അംഗമായ പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു.