ഇത്തിക്കരയാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെങ്കിലും മരിക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘം ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഫോറന്‍സിക് സര്‍ജന്‍മാരടങ്ങുന്ന സംഘം ഇളവൂരിലെത്തുന്നുണ്ട്. പുഴയിലേക്ക് കുട്ടി വീണതില്‍ അസ്വാഭാവികതയുണ്ടെന്ന ് സംഘത്തിന് ബോദ്ധ്യപ്പെട്ടാല്‍ സംശയത്തിന്റെ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുക്കും. ദേവനന്ദയുടെ ബന്ധുക്കള്‍ തന്നെ ഈ വ്യക്തിയെ സംശയമുള്ളതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആള്‍ക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുമെന്നാണ് നിഗമനം. അതിനാലാണ് സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനായി അന്വേഷണ സംഘം സ്ഥലവാസിയായ ഇയാളെ നിലനിര്‍ത്തുന്നത്. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഇന്നലെ രാവും പകലും അന്വേഷണ സംഘം ഇളവൂരില്‍ ഉണ്ടായിരുന്നു.
നിഗമനങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ സംഘം ഉള്‍പ്പെടെ ഇന്ന് സ്ഥലത്തെത്തുമ്പോള്‍ കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന പ്രകാരം പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം സംഭവ സ്ഥലം ഇന്ന് സന്ദര്‍ശിക്കുന്നത്. കുട്ടിയെ ആരെങ്കിലും പുഴയിലേക്ക് എടുത്തെറിഞ്ഞാല്‍ സംഭവിക്കുന്നത് എന്താകുമെന്ന ഉത്തരം തേടിയാവും ഫോറന്‍സിക് സംഘം പരിശോധന നടത്തുക.
