പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഏറ്റെടുക്കൽ നടപടികൾ ഡിസംബറിൽ പൂർത്തിയാകും. ലേലത്തിൽ പങ്കെടുത്ത സ്പൈസ് ജെറ്റിനെ പിന്തള്ളിയാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നാണ്. ടാറ്റ സ്വന്തമാക്കുന്നത് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും ഗ്രൗണ്ട് ഹാൻഡലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയുമാണ്.