26.2 C
Kollam
Saturday, May 25, 2024
HomeRegionalCulturalകൊല്ലത്തെ അക്ഷരക്ഷേത്രവും കലാക്ഷേത്രവും അടഞ്ഞ അദ്ധ്യായമാകുന്നു; തീർത്തും തികഞ്ഞ അനാസ്ഥ

കൊല്ലത്തെ അക്ഷരക്ഷേത്രവും കലാക്ഷേത്രവും അടഞ്ഞ അദ്ധ്യായമാകുന്നു; തീർത്തും തികഞ്ഞ അനാസ്ഥ

കൊല്ലം പബ്ളിക് ലൈബ്രറി ആൻറ് റിസർച്ച് സെൻററിനോടൊപ്പം അഭിമാനമായിരുന്ന സോപാനം തിയേറ്ററും അഭിമാനക്ഷതമായി.
കൊല്ലത്തിന്റെ പൈതൃകത്തിൽ എഴുതി ചേർത്തിരുന്ന അദ്ധ്യായത്തിലെ സാന്നിദ്ധ്യം അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ തീർത്തും മായ്ക്കപ്പെട്ടതായി.
രണ്ടര പതിറ്റാണ്ടിന് മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ കലാക്ഷേത്രമാണ് ഇതോടെ ഉത്മൂലനം ചെയ്യപ്പെടുന്നത്.
ഭാരതീയ വാസ്തുവിദ്യാ സിദ്ധാന്തങ്ങളും അത്യാധുനിക പാശ്ചാത്യ സങ്കേതങ്ങളും സമന്വയിപ്പിച്ച് ഏഴ് വർഷം കൊണ്ട് നിർമ്മിച്ച ഈ കലാക്ഷേത്രം 1994 ഒക്ടോബർ 14 ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ കലാ കേരളത്തിന് തുറന്നു കൊടുത്തു.
ജനറൽ പിക്ച്ചേഴ്സ് ഉടമയും ലൈബ്രറിയുടെ ഓണററി സെക്രട്ടറിയുമായ കെ രവീന്ദ്രൻ നായരുടെ ജനാധിപത്യപരമായ കലാ സ്വപ്നമായിരുന്നു സോപാനം.
പ്രസിദ്ധ ചിത്രകാരനും ചിന്തകനും വാസ്തു ശില്പിയുമായ എം വി ദേവന്റെ സർഗ്ഗ സിദ്ധിയിൽ നിന്നുമാണ് കലാക്ഷേത്രം രൂപം കൊളളുന്നത്.
ഇവിടെ കേരളത്തിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും കലാസൗന്ദര്യത്തിൽ ലയലീനമായ പശ്ചാത്തലമാകുന്നു.
പ്രസിദ്ധ ചിത്രകാരനായിരുന്ന ജയപാല പണിക്കരുടെ ‘കുണ്ഡലിനി’ എന്ന ദാരുശില്പം ഏവരെയും സോപാനത്തിലേക്ക് എതിരേല്ക്കുന്നു.
പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമനാണ് സോപാനത്തിന്റെ ശില്പ രമണീയമായ ഹരിത പരിസരം ഒരുക്കിയത്.
1987 ഒക്ടോബർ 15 ന് കെ രവീന്ദ്രൻ നാഥൻ നായർ സോപാനത്തിന് അനാർഭാടമായി തറക്കല്ലിട്ടു. വിദഗ്ധരായ അനേകം ശില്പികളും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും തോളോട് തോൾ ചേർന്ന് ഏഴു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി.
രണ്ടര ലക്ഷം ഇഷ്ടികയും 350 ടൺ സിമന്റും 450 ക്യുബിക് അടി തേക്കിൻ തടിയും 120 ക്യുബിക് അടി വെളള അകിലും 400 ക്യുബിക് അടി ആഞ്ഞിലിയും നിർമ്മാണത്തിനായി ഉപയോഗിച്ചു.
തറനിരപ്പിനു താഴത്തെ സെല്ലാർ ഉൾപ്പെടെ നാലുനിലകളിലുള്ള സോപാനത്തിന്റെ തറ വിസ്തൃതി 2750 ചതുരശ്ര മീറ്ററാണ്. വിശാലമായ സ്റ്റേജാണ് സോപാനത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകത.
180 ചതുരശ്ര മീറ്ററാണ് അതിന്റെ വിസ്താരം. സ്റ്റേജിനു താഴെയുള്ള സെല്ലാറിൽ നിന്നും ഹൈഡ്രോളിക് സംവിധാനത്തിലൂടെ മൂന്ന് കേന്ദ്രങ്ങളിലേക്ക് ഉയർത്താവുന്ന നിമ്നോന്നത തലങ്ങളുണ്ട്. ഇരു വശവും 492 ചതുരശ്ര അടി വിസ്തീർണ്ണവും ആധുനിക സൗകര്യങ്ങളുമുള്ള ഗ്രീൻ റൂമുകളുമാണ്.
ഗ്രീൻ റൂമുകൾക്കും സ്റ്റേജിനുമിടയ്ക്ക് അഭിനേതാക്കൾക്ക് വിശ്രമിക്കാൻ 492 ചതുരശ്ര അടി പാസേജുമുണ്ട്.
അതിഥികൾക്ക് താമസിക്കാൻ രണ്ടാം നിലയിൽ നാലു മുറികളും സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റേജിലെ പ്രകാശവിന്യാസവും ആഡിറ്റോറിയത്തിലെ ശബ്ദക്രമീകരണവും ആധുനിക നാടക വേദിക്ക് അനുസൃതമായി ശ്‌സ്‌ത്രീയതയോടും സൂക്ഷ്മതയോടുമാണ് നിർമ്മിച്ചിട്ടുള്ളത്.
സ്റ്റേജ് ഡിസൈനും പ്രകാശസംവിധാവും പ്രൊഫ. രാമമൂർത്തിയാണ് ചെയ്തിട്ടുള്ളത്.
വിവിധ ദിശകളിലേക്ക് തിരിച്ചു നിർദ്ദിഷ്ട ലക്ഷ്യങ്ങളിൽ കേന്ദ്രീകൃതമാക്കാവുന്ന വിവിധ പ്രസരണ ശേഷിയുള്ള 68 – ൽ പരം വൈദുത ദീപങ്ങൾ രംഗവേദിക്കുവേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. ബാൽക്കണിയുടെ ഇരു വശങ്ങളിലാണ് കൺട്രോൾ ബ്രിഡ്ജുകൾ . അവിടെ നിന്നും പ്രകാശം നിയന്ത്രിക്കപ്പെടുന്നു. രണ്ടാമത്തെ നിലയിൽ ഫിലിം പ്രൊജക്ടർ ക്യാബിനുണ്ട്.
ശബ്ദക്രമീകരണ സംവിധാനത്തിന്റെ ചുമതല വഹിച്ചത് ബാംഗ്ളൂർ സർവ്വകലാശാലയിലെ ഡോ. രാമകൃഷ്ണയാണ്.
മൈക്കിന്റെ സഹായമില്ലാതെ തന്നെ ഇവിടെ നാടകം അവതരിപ്പിക്കാം. ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ച് അഭിനയിച്ച ‘ ഉലകുട പെരുമാൾ’ എന്ന നാടകത്തിന് മൈക്ക് ഉപയോഗിച്ചിരുന്നില്ല.
കാണികൾക്ക് സുഖമായിരിക്കാൻ 800 ൽ പരം സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. പരസ്പര സംവേദനത്തിൽ അഭിനേതാക്കളും പ്രേക്ഷകരും തമ്മിലുള്ള അകലം പരമാവധി ലഘുകരിക്കത്തക്കവിധത്തിലാണ് മൊത്തത്തിലുളള സംവിധാനം. എവിടെയിരുന്നാലും കാണാനും എവിടെ നിന്നാലും കേൾക്കാനും കഴിയുമെന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത.
മുൻ വശത്ത് 240 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള  ആർട്ട് ഗ്യാലറിയാണ്. രണ്ടാമത്തെ നിലയിൽ സിനിമാ പ്രദർശനത്തിനായി പ്രൊജക്ടറുകളും മറ്റും സജ്ജീകരിച്ചിരിക്കുന്നു.
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്ന ഏതു വലിയ കലാസമിതികൾക്കും പരിപാടികൾ അനുധാവനയോടെ അവതരിപ്പിക്കാൻ ഇവിടെ പര്യാപ്തമാകും.
പക്ഷേ, ഇന്ന് സോപാനം എന്ന കലാ ക്ഷേത്രം തീർത്തും നാശം നേരിടുകയാണ്. നാഥനില്ലാത്ത അവസ്ഥ.
രവീന്ദ്രനാഥൻ നായരുടെ കൈ ഒപ്പ് പതിക്കാൻ ശേഷിയില്ലാതായപ്പോൾ ലൈബ്രറിയും സോപാനവും അവഹേളനത്തിന്റെ പ്രതിരൂപങ്ങളായി.
ഇവ രണ്ടും വാക്കുകൾക്ക് അധീതമായി അധ:പതനത്തിലായി.
സോപാനം എന്ന കലാ ക്ഷേത്രം വല്ലപ്പോൾ കല്യാണ ആവശ്യത്തിനും അല്ലാതുള്ള ചെറിയ പരിപാടികൾക്കും മാത്രമായി ചുരുങ്ങി.
അക്ഷര വിജ്ഞാന കേന്ദ്രമായ പബ്ളിക് ലൈബ്രറി പൂർണ്ണമായും അടയ്ക്കപ്പെട്ടു. പുസ്തകങ്ങൾ എല്ലാം സംരക്ഷിക്കാനാവാതെ ഉപയോഗിക്കാനാവാത്ത വിധത്തിലായി.
ഓർമ്മയിൽ ഓർമ്മിക്കാൻ മാത്രമായി ഇവ രണ്ടും അവശേഷിക്കുകയാണ്.
സാംസ്ക്കാരിക നായകരും സംരക്ഷകരും മറ്റും എല്ലാം എവിടെ?
രാഷ്ട്രീയക്കാർക്ക് രാഷ്ടീയം മതി. അവരുടെ രാഷ്ട്രീയം സാംസ്ക്കാരിക ഗരിമയോടല്ല. അധികാരത്തിന്റെ അപ്പക്കഷണത്തിന്റെ പുറകെയാണ്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശോചനീയാവസ്ഥയെപ്പറ്റി ഒന്ന് ഉരിയാടിയോ?
ഇതാണ് സാംസ്ക്കാരിക കേരളം.
ശരിക്കും പറഞ്ഞാൽ ഇവയുടെ പതനം ആത്മ നൊമ്പരവും അനാധിത്വത്തിന്റെ അസ്ഥിത്വവുമാണ് കാണിക്കുന്നത്.
ലൈബ്രറിയിലെ നൂറുകണക്കിനായുള്ള വരിക്കാരിൽ ആരും ഈ ഒരു അവസ്ഥയ്ക്കെതിരെ ആത്മരോഷം പോലും പ്രകടിപ്പിച്ചിട്ടില്ലെന്നതാണ് ഖേ:ദകരമായിട്ടുളളത്!
ഇനിയെങ്കിലും ഉണരൂ …. ഈ പൈതൃകങ്ങളെ സംരക്ഷിക്കാൻ പല്ലും നഖവും ഉപയോഗിച്ച് രക്ഷിക്കാൻ ഒരു നിമിഷം പോലും വൈകരുത്! അല്ലെങ്കിൽ, ദൈവം പോലും മാപ്പ് തരില്ല.
- Advertisment -

Most Popular

- Advertisement -

Recent Comments