28.1 C
Kollam
Sunday, December 22, 2024
HomeEntertainmentഅത്ത പൂക്കളമിടാന്‍ പൂക്കളെവിടെ? ; പൂക്കളമൊരുക്കാന്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കേരളം

അത്ത പൂക്കളമിടാന്‍ പൂക്കളെവിടെ? ; പൂക്കളമൊരുക്കാന്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കേരളം

അത്തം പിറന്നതോടെ ഓണാഘോഷ ലഹരിയിലാണ് മാവേലി നാട്. പക്ഷെ കഷ്ടം എന്നു പറയട്ടെ അത്ത പൂക്കളം ഇടാന്‍ പോലും പൂവിന് അന്യനാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിന് ഇന്ന്.കേരളത്തിലെ പൂവിപണിയിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകവും കൊയ്യുന്നത് കോടികൾ ആണെന്നിരിക്കെ നാട്ടിൽ പുഷ്പകൃഷി തഥൈവ എന്ന നിലയിലാണ്. ശാസ്ത്രീയമായി കൃഷിയിറക്കാൻ തയ്യാറാകാതെയും ഇടനിലക്കാരുടെ ചൂഷണം ഭയന്നും മലയാളി കർഷകർ പുഷ്പകൃഷിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

വൻ ഡിമാൻഡും ലാഭവുമുള്ള ബിസിനസിലേക്ക് കർഷകരെ ആകർഷിക്കാനും ഇക്കാര്യത്തില്‍ സർക്കാരിനും താത്പര്യമില്ല.ചിങ്ങമാസം പിറന്നതോടെ കേരളത്തിൽ ഇപ്പോള്‍ പൂക്കൾക്ക് നല്ല ഡിമാൻഡാണ്. ഒാണക്കാലത്തെ ആവശ്യം മാത്രമല്ല,​ ഏറ്റവും അധികം വിവാഹങ്ങൾ നടക്കുന്ന മാസമായതുകൊണ്ടും പൂക്കൾക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാട്ടിൽ ആവശ്യത്തിന് പൂക്കൾ കിട്ടാനില്ലാത്തതുകൊണ്ട് എല്ലാം തമിഴ്നാട്ടിൽ നിന്ന് വരണം എന്നതാണ് അവസ്ഥ.

ജമന്തി, വാടാമല്ലി, ചെണ്ടുമല്ലി, അരളി, റോസ്, ഡാലിയ, മുല്ല, അരളി, റോസ്, കോഴിവാലൻ… ഇവയൊക്കെയാണ് ഡിമാൻഡ് കൂടിയ ഇനങ്ങൾ. ജമന്തിയാണ് കൂട്ടത്തിലെ കോസ്റ്റ്ലി ഇനം- കിലോയ്ക്ക് 300 രൂപ! കുറവ് ചെണ്ടുമല്ലിക്ക്. കിലോയ്‌ക്ക് 80 രൂപയേയുള്ളൂ. അതിൽത്തന്നെ റോയൽ,​ ഭഗവതി,​ സാക്യുറ 031 തുടങ്ങിയ സങ്കര ഇനങ്ങൾക്ക് വില കൂടും.മൂന്നു മുതൽ അഞ്ചു വരെ ടൺ കയറ്റാവുന്ന ലോറികളിലാണ് അതിർത്തിക്കപ്പുറത്തു നിന്ന് പൂക്കളുടെ വരവ്.

ചിങ്ങം പിറന്നതിൽപ്പിന്നെ വിവിധ ജില്ലകളിലേക്കായി ദിവസവും ശരാശരി നൂറു ലോഡ് പൂക്കളാണെത്തുന്നത് . തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആവശ്യക്കാരേറെ എന്ന് പുഷ്പവ്യാപാര രംഗത്തെ ഏജന്റുമാർ പറയുന്നു. തമിഴ്നാട്- കർണാടക ലോബികളാണ് വില നിശ്ചയിക്കുന്നത്. ഇടുക്കി,​ വയനാട് ജില്ലകളിൽ ചെറിയ തോതിൽ പൂക്കൃഷിയുണ്ടെങ്കിലും കേരളത്തിന്റെ ആവശ്യത്തിന്റെ പത്തിലൊന്നു പോലും ഇവിടങ്ങളിൽ നിന്ന് കിട്ടുന്നില്ല എന്നതാണ് പരമാര്‍ത്ഥം.

- Advertisment -

Most Popular

- Advertisement -

Recent Comments