പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത ശ്വാസകോശ തടസവും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വീണ്ടും ശ്വാസതടസ്സം നേരിടുകയായിരുന്നു.
1941ല്‍ തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ ഗ്രാമത്തിലാണ് മാടമ്പ് ശങ്കരന്‍ നമ്പൂതിരി, അഥവാ മാടമ്പ് കുഞ്ഞുക്കുട്ടന്‍ ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ല്‍ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു . കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നിവ നോവലുകളാണ്.
സംസ്‌കൃതവും ഹസ്തായുര്‍വേദവും (ആന ചികിത്സ ) മാടമ്പ് പഠിച്ചു. കുറച്ചു നാള്‍ കൊടുങ്ങല്ലൂരില്‍ സംസ്‌കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാംതമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ത്ത പാദ ശ്രീ ഗുരുവുമാണ് ഗുരുക്കന്മാര്‍.
മാടമ്പിന്റെ നോവലുകളും കഥകളും തിരക്കഥകളും വളരെ ജനപ്രിയമാണ്. തപസ്യ കലാവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. 2001ല്‍ ബിജെപി സ്ഥാനാര്‍ഥിയായി കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ. ജസീന മാടമ്പ് , ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍.