വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ റിസബാവ(55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മലയാള സിനിമയിൽ ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടനായിരുന്നു റിസബാവ.
ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് കാൽവയ്‌പ്പ് നടത്തി.ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായിയെ സിനിമാപ്രേമികൾ അത്രപെട്ടെന്നൊന്നും മറക്കില്ല. എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. ചലച്ചിത്ര അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1984-ല്‍ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് ഡോക്ടർ പശുപതിയിലൂടെ മലയാളത്തിൽ തിരിച്ചെത്തി.
ആദ്യകാലത്ത് വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട റിസബാവ പിന്നീട് സ്വഭാവനടൻ എന്ന നിലയിലേക്ക് മാറി.‘കര്‍മ്മയോഗി’ എന്ന സിനിമയിലൂടെ 2011-ല്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ്, ജയറാം, ദിലീപ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ റിസബാവ സ്ഥിരസാന്നിധ്യമായിരുന്നു. നൂറ്റിയമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.