രാജ്യത്തെ കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും ആരോഗ്യപരിരക്ഷ സംവിധാനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ജനങ്ങളെയും കുറ്റപ്പെടുത്തി ഈ സ്ഥിതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിനു ഒഴിയാനാകില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള്‍ വന്‍തോതില്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കണം, എല്ലാ അതിഥിതൊഴിലാളികളെയും അവരവരുടെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സൗജന്യമായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം. പിഎം കെയേഴ്സിലേയ്ക്ക് സമാഹരിച്ച പണം വിനിയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. വാക്സിനേഷന്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.