ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍. ഗോവയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച കേസില്‍ രണ്ട് പേർ രാവിലെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജു വർഗഗീസിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഷിജുവിന്റെ മാനേജർ ശ്രീകുമാർ , ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ എന്നിവരാണ് രാവിലെ പിടിയിലായത്. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുണ്ടെന്ന് പോലീസ് പറയുന്നു .
വോട്ടടെടുപ്പ് ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഷിജു വർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചുവെന്നും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയയാിരുന്നു ലക്ഷ്യവുമെന്നായിരുന്നു അന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. എന്നാൽ തന്നെ ബോധപൂർവ്വം ആരോ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഷിജു വർഗീസിന്റെ വാദം. വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്.കുണ്ടറയിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായിരുന്നു. കൂടുതൽ പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.