ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ റായ്‌ഗഡ് പാൽഘർ മുംബൈ താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്
ഞായറാഴ്ചയിലെ റിപോർട്ടുകൾ പ്രകാരം, മുംബൈയിൽ നിന്ന് 320 കിലോമീറ്ററും ഗോവയിലെ പഞ്ജിമിൽ നിന്ന് 150 കിലോമീറ്ററും അകലെയായിരുന്ന ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ മുംബൈ തീരത്തെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നലെ ഗോവ തീരത്ത് ചുഴലിക്കാറ്റ് എത്തിയതിന് പുറകെ മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ ചെറിയ തോതിൽ കാറ്റും മഴയും ഉണ്ടായിരുന്നു.
എന്നാൽ നഗരത്തെ കാര്യമായി ബാധിക്കില്ലെന്നും ഭീതി വേണ്ടെന്നും കാലാവസ്ഥ വിദഗ്ദർ അറിയിച്ചു.
മിതമായതും കനത്തതുമായ മഴയോടൊപ്പം ശക്തമായ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്ററിലായി ദക്ഷിണ മുംബൈയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്കൻ മുംബൈ, താനെ, നവി മുംബൈ എന്നീ പ്രദേശങ്ങളിൽ നേരിയ മഴയുടെ സാധ്യതയാണ് അധികൃതർ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് ഉച്ചയോടെ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ ബാധിക്കുമെന്ന് ഐഎംഡി അറിയിച്ചു.
ഉയർന്ന കാറ്റിന്റെ വേഗത മൂലമുണ്ടായ നാശനഷ്ടം പ്രതീക്ഷിച്ച് ഐഎംഡി തിങ്കളാഴ്ച മുംബൈയ്ക്കും പരിസര പ്രദേശങ്ങൾക്കും ഓറഞ്ച് അലേർട്ട് നൽകി.