ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ 23ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇതിന്റെ ഭാഗമായി കേരളത്തിൽ കനത്ത മഴക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിന്റെ മധ്യകിഴക്കൻ മേഖലകളിലായി 23ന് വൈകിട്ടോടെയാണ് ന്യൂനമർദം രൂപപ്പെടുക. മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് അതി തീവ്ര ന്യൂനമർദമാകാനും വേഗത്തിൽ തന്നെ കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും മഴയുണ്ടാകും.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ഒമാൻ നൽകിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക. നിലവിലെ അന്തരീക്ഷ സാഹചര്യം ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ അനുകൂലമാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി 25 മുതൽ വ്യാപക മഴ ലഭിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ ഇത് മധ്യകേരളത്തിലേക്കും വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.