കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
മധുരയില്‍ നിന്ന് ബെംഗളുരുവിലേക്കാണ് സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നത്. വിമാനത്തില്‍ വധൂവരന്മാരെ കൂടാതെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പടെ 160 പേര്‍ ഉണ്ടായിരുന്നു. വധൂവരന്മാരുടെ വേഷത്തില്‍ തന്നെയായിരുന്നു രാകേഷും ദക്ഷിണയും.
യാത്രാമധ്യേ വിമാനത്തില്‍ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും ക്യാമറാമാന്‍മാരും നില്‍ക്കുന്നത് കാണാം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നടന്ന വിവാഹത്തില്‍ പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല.
