മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. അതേസമയം രാമനാട്ടുകര സ്വർണകവർച്ച ആസൂത്രണ കേസിൽ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുഫിയാനെ റിമാൻഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കൃത്യത്തെ കുറിച്ച് സജേഷിനും വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ സംശയം.താമരശേരി സ്വദേശി മൊയ്തീന്‍ യുഎഇയില്‍ നിന്ന് കടത്താന്‍ പദ്ധതിയിട്ട സ്വര്‍ണ്ണത്തിന് സംരക്ഷണം നല്‍കാനും ഇത് തട്ടിയെടുക്കാന്‍ വരുന്ന അര്‍ജ്ജുന്‍ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാനും ക്വട്ടേഷനെടുത്തത് സൂഫിയാന്‍റെ നേതൃത്വത്തിലുളള സംഘമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ചെര്‍പുളശേരിയില്‍ നിന്നുളള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയും ക്വട്ടേഷന്‍ നടപ്പാക്കാനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും സൂഫിയാനാണെന്ന് പൊലീസ് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ മരിച്ചതറിഞ്ഞ് സൂഫിയാന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. നേരത്തെ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് നടത്തി രണ്ടുവട്ടം പിടിയിലായ സൂഫിയാന്‍ കൊഫെപോസെ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. സൂഫിയാൻ സഞ്ചരിച്ച വാഹവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ ഫിജാസിനെയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.