അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തുന്നതിനുള്ള അധികൃതരുടെ ഓട്ടം അവസാനിച്ചു. ആ ഭാഗ്യവാനെ ഏറെ സമയത്തെ പരിശ്രത്തിനൊടുവില്‍ കണ്ടെത്തി . ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനും നടന്‍ ഹരിശ്രീ അശോകന്റെ മരുമകനുമായ സനൂപ് സുനില്‍ ആണ് ലോട്ടറിയടിച്ച ആ കോടീശ്വരന്‍. 30 കോടിയിലേറെ രൂപ (15 ദശലക്ഷം ദിര്‍ഹം)യാണ് കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പില്‍ സമ്മാനമായി സനൂപിന് ലഭിച്ചത്. സനൂപിന്റെ പേരില്‍ ഇദ്ദേഹവും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്. എറണാകുളം സ്വദേശി സുനില്‍ ജൂലൈ 13 ന് ഓണ്‍ലൈനിലൂടെ എടുത്ത 183947 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സനൂപിന്റെ മൊബൈലിലേക്കു സംഘാടകപ്രതിനിധിയായ റിചാര്‍ഡ് പല പ്രാവശ്യം വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിക്കാതെപോയിരുന്നു. പിന്നീട് ദീര്‍ഘ സമയത്തെ ശ്രമത്തിനു ശേഷമാണ് സംഘാടകര്‍ക്ക് സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.