നിപാ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പ് സംഘം പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗബാധ ഉണ്ടാകുന്നതിന് മുമ്പ് വീട്ടിലെ ആടിന് ദഹനക്കേടിന് സമാനമായ രോഗം ബാധിച്ച് ചത്തിരുന്നു. മരിച്ച മുഹമ്മദ് ഹാഷിം ഈ ആടിനെ പരിചരിച്ചിരുന്നു. ആടിൽ നിന്നാണോ രോഗബാധയുണ്ടയതെന്ന സംശയത്തെ തുടർന്നാണ് നിലവിലുള്ള മറ്റ് ആടിൽനിന്ന് സ്രവം എടുത്തത്. കുട്ടിയുടെ വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. കുട്ടി റമ്പൂട്ടാൻ പറിച്ച് കഴിച്ചതായി കണ്ടെത്തിയിരുന്നു. റമ്പൂട്ടാന്റെ സാമ്പിളുകളും ശേഖരിച്ചു. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്. വനം വകുപ്പിന്റെ അനുമതി വാങ്ങി കാട്ടുപന്നികളെ പിടികൂടി സ്രവ പരിശോധ നടത്താനും തീരുമാനിച്ചിട്ടുണ്ട്.