കിണറ്റിന്‍കരയിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തക്കളായ മൂന്ന് പേര്‍ കിണറ്റില്‍ വീണു. ഒരാള്‍ മരിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിംഗ് എന്നിവരാണ് മറ്റു രണ്ടുപേര്‍. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപമാണ് സംഭവം നടന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍കരയില്‍ ഇരുന്നാണ് ഇവര്‍ മദ്യപിച്ചിരുന്നത്. ഇവര്‍ മൂന്നു പേരും മദ്യപിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പെട്ടന്നു കേള്‍ക്കാതായതോടെയാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. മൂവരും കിണറ്റില്‍ വീണതറിഞ്ഞ അയല്‍വാസികള്‍ ഉടന്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മൂവരേയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു. പരുക്കേറ്റ അരുണ്‍ സിംഗ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്യമായ പരുക്കില്ലാത്ത മഹേഷ് ബാലരാമപുരം പോലീസിന്റെ കസ്റ്റഡിയിലാണ്.