കേരളത്തിൽ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയതെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായിആറ് പേര്‍ മരിച്ചു. 20 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തും ഇടുക്കി കൊക്കയാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളിയില്‍ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കൊക്കയാര്‍ പൂവഞ്ചിയിലെ അഞ്ച് വീടുകള്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ നാല് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇവിടെ 12 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇടുക്കി കൊക്കയാറില്‍ എട്ട് പേര്‍ മണ്ണിനടയില്‍പ്പെട്ടതായാണ് വിവരം. ഇതില്‍ ആറ് പേര്‍ കല്ലുവരക്കല്‍ നസീര്‍ എന്നയാളുടെ കുടുംബ ത്തിലുള്ളവരാണ്. ഇവടെ നിന്നും 17 പേരെ രക്ഷപ്പെടുത്തി. ഇടുക്കി കാഞ്ഞാറില്‍ കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. കൂത്താട്ട്കുളം സ്വദേശി നിഖില്‍ (27), കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം നിലവിലുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.