തിമിംഗല ഛർദ്ദിയുമായി കണ്ണൂർ തളിപ്പറമ്പിൽ രണ്ട് പേർ വനം വകുപ്പിൻറെ പിടിയിലായി. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായിൽ, ബംഗളൂരുവിലെ കെ എം അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി രൂപ മോഹവിലയുള്ളതാണ് തിമിംഗല ഛർദ്ദിയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് തിമിംഗല ഛർദ്ദി പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് രഹസ്യവിവരo ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 9 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇവർ വനം വകുപ്പിൻറെ പിടിയിലായത് നിലമ്പൂർ സ്വദേശികൾക്ക് വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടയിലാണ്.