ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനമാണ് നമ്മുടെ സംസ്കാരം കല്പിച്ചിട്ടുള്ളതെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി. ചട്ടമ്പിസ്വാമികളുടെ രണ്ടാമത്തെ ശിഷ്യനായിരുന്ന നീലകണ്ഠ തീർത്ഥപാദ സ്വാമികളുടെ 101-ാം സമാധി വർഷികത്തോടനു ബന്ധിച്ച് കരുനാഗപ്പള്ളി പുതിയകാവ് നീലകണ്ഠ തീർത്ഥപാദ ആശ്രമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി. ഇന്നത്തെ സമൂഹം ഗുരു എന്ന പദം വളരെ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. ഭാരതം ഗുരുക്കൻമാരാൽ സമ്പന്നമാണ്. ഓരോ സംസ്ഥാനത്തും ഉണ്ടായിരുന്ന ഗുരുക്കന്മാരുടെയും സന്യാസിവര്യൻമാരുടെയും വിവരം ശേഖരിച്ച് പുസ്തകമാക്കിയാൽ നാടിന് മുതൽക്കൂട്ടായിരിക്കുമെന്നും ഗൗരി ലക്ഷ്മിബായി പറഞ്ഞു.
അക്ഷരജ്ഞാനമല്ല അക്കങ്ങളുടെ നേട്ടമാണ് ഇന്നത്തെ സമൂഹം ലക്ഷ്യമിടുന്നതെന്ന് കവി പ്രൊഫ. വി. മധുസൂദനൻ നായർ പറഞ്ഞു. ഇത്തരം സമൂഹത്തിന് നേർവഴികാട്ടാൻ നീലകണ്ഠ തീർത്ഥപാദ സ്വാമി കളെപ്പോലുള്ള ഗുരുക്കൻമാർക്ക് കഴിയും. മനസ്സിലെ വിഷത്തെ അകറ്റി ആത്മശുദ്ധി പകരുന്നവരാണ് ഗുരുക്കൻമാരെന്നും, പ്രഥമ നീലകണ്ഠ തീർത്ഥപാദ സ്വാമി ഗ്രന്ഥപുരസ്കാരം സ്വീകരിച്ചുകൊണ്ട് മധുസൂദനൻ നായർ പറഞ്ഞു. ‘സമയാകാശങ്ങളിൽ രാമായണ തീർത്ഥം ‘ എന്ന കൃതിയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. 50000 രൂപയും, ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പ്രൊഫ. വി. ശങ്കരൻനായർ, പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ, ഡോ.ആർ.രാമൻ നായർ, ഡോ. സുരേഷ് മാധവ്, ഡോ.
എം. പ്രസന്നകുമാർ, എം.മോഹൻകുമാർ, വി.രവികുമാർ എന്നിവർക്ക് ചടങ്ങിൽ സേവനപുരസ്കാരങ്ങൾ നൽകി. ശതാബ്ദി സ്മാരക ഹാളിന്റെയും, സരസ്വതീ മണ്ഡപത്തിന്റെയും സമർപ്പണം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി നിർവ്വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികൾ അധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്ക് നടന്ന പൊതുസമ്മേളനം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികൾ അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് മുസ്ലീം ജമാഅത്ത് യൂണിയൻ പ്രസിഡൻ്റ് വലിയത്ത് ഇബ്രാഹീം കുട്ടി, കരുനാഗപ്പള്ളി കൊല്ലക സെൻ്റ് തോമസ് ചർച്ച് വികാരി ബിനു ജേക്കബ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡൻ്റ് ജി. ബിജു, ആശ്രമം സെക്രട്ടറി ആർ. അരുൺകുമാർ, പ്രസാധകസമിതി അംഗം ഗോപിനാഥക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
അനുബന്ധമായി നടന്ന യതി പൂജയിൽ വിവിധ ആശ്രമങ്ങളെ പ്രതിനിധീകരിച്ച് ഇരുപതോളം സന്യാസിമാർ പങ്കെടുത്തു.
നാളെ രാവിലെ രാവിലെ 10ന് ആത്മീയസമ്മേളനം ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ, ഡോ. വിശ്വനാഥൻ നമ്പൂതിരി, ഡോ. രാജീവ് ഇരിങ്ങാലക്കുട, മങ്ങാട് ബാലചന്ദ്രൻ, ശ്രീകുമാർ കോട്ടയം, ഡോ. സുരേഷ് മാധവ് എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 ന് സാംസ്കാരികസമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും.