നീണ്ടകര വേട്ടുതറ ജംഗ്ഷൻ മുതൽ നടക്കാവ് വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്തായി കുഴിച്ചു വന്ന ഓട നിർമ്മാണം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു.
അശാസ്ത്രീയ നിർമ്മാണം എന്നാരോപിച്ചും ദിനംപ്രതി ഉണ്ടായ അപകടങ്ങളിലും പ്രതിഷേധിച്ചാണ് നിർമ്മാണം തടസ്സപ്പെട്ടത്.
നബാഡിന്റെ അഞ്ച് കോടിയോളം രൂപാ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം.
വേട്ടുതറ ജംഗ്ഷൻ മുതൽ നടക്കാവ് വരെ ഏകദേശം ആറു് കിലോമീറ്ററോളം നീളത്തിലാണ് റോഡ് നിർമ്മാണം. അതിന് മുന്നോടിയായി റോഡിന്റെ ഒരു വശത്ത് ഓട നിർമ്മിക്കാനും പദ്ധതി ഇട്ടിരുന്നു.എന്നാൽ, ഓട നിർമ്മാണം ദളവാപുരം അമ്പിളി ജംഗ്ഷനിൽ നിന്നും അര കിലോമീറ്ററോളം ആരംഭിച്ചപ്പോൾ, ഓടക്കായി കുഴിയെടുക്കുന്ന അവസരത്തിൽ, വിവിധ കേബിളുകൾ സ്ഥാപിച്ചിരുന്നത് നിർമ്മാണത്തിന് തടസ്സമായി.കൂടാതെ, വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമുകളും മാറ്റാനൊക്കാത്ത അവസ്ഥയിലുമായി.ഇതോടെ ഓട നിർമ്മാണം അനശ്ചിതത്വത്തിലായി. തുടർന്ന് മഴ പെയ്തതോടെ ഓടക്കായി എടുത്ത കുഴിയിൽ വെള്ളം നിറയുകയും, കുഴി അറിയാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവവുമായി .തടർന്ന് നാട്ടുകാർ രംഗത്തെത്തിയതോടെ ഓടയക്കായി കുഴിയെടുത്ത ഭാഗം മണ്ണിട്ട് മൂടിത്തുടങ്ങി. അധികൃതരുടെ ദീർഘ വീക്ഷണത്തിന്റെ പോരായ്മയാണ് ഇതിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്.റോഡിന് പൊതുവെ വീതി കുറവായതിനാൽ വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാവാത്ത അവസ്ഥയാണ്.ഓടക്ക് കുഴിയെടുക്കുമ്പോൾ, കുഴിയിൽ തെളിഞ്ഞു വരുന്ന പൈപ്പ് ലൈൻ, BSNL ലൈൻ തുടങ്ങി നാലോളം ലൈനുകൾ കുഴിയെടുപ്പിന് തടസ്സമാകുന്നതും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച് പരിഹാരം കാണാൻ നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായ പൊതുമരാമത്ത് ,ജല അതോറിറ്റി വിഭാഗങ്ങളിലെ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ സമീപിച്ച് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഓട നിർമ്മാണത്തിന്റെ പേരിൽ ഏതാനും വീടുകളുടെ മുന്നിൽ കോൺക്രീറ്റിന് കുറുകെ മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരിക്കുന്നത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. ഏതായാലും, ഇപ്പോൾ നാറാണത്ത് ഭ്രാന്തന്റെ പ്രവർത്തി പോലെയാണ് ഓട നിർമ്മാണമെന്ന് പരക്കെ ആക്ഷേപമുണ്ടു്. സ്ഥലം MLA യ്ക്കും ഇക്കാര്യത്തിൽ പ്രത്യേകിച്ചും ഒന്നും പറയാനാകുന്നില്ല. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ശാസ്ത്രീയ കാഴ്ചപ്പാട് ഇല്ലാതെ പോയതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇതിലൂടെ ഇപ്പോൾ നഷ്ടമാകുന്നതും പൊതു ഖജനാവാണെന്നത് ഏറെ സ്പഷ്ടമാണ്.