ദക്ഷിണ കേരളത്തിൽ പാലുത്പാദനം സ്വയംപര്യാപ്തത കൈവരിക്കാൻ മിൽമ തെക്കൻ കേരളത്തിൽ വർഷം തോറും അയ്യായിരം പശുക്കുട്ടികളെ ദത്തെടുക്കുന്നു. മിൽമ – സുരഭി പദ്ധതി പ്രകാരമാണ് ദത്തെടുക്കൽ.4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന പശുക്കുട്ടികൾക്ക് 20 മാസക്കാലം കാലിത്തീറ്റ പകുതി വിലക്ക് നല്കുമെന്ന് മിൽമ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. പശുക്കുട്ടിക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പ് വരുത്തും.കാലിത്തീറ്റ പകുതി വിലക്ക് ലഭ്യമാക്കും. വിരമരുന്നുകളും ധാതു-ലവണ മിശ്രിതങ്ങളും സൗജന്യമായി നല്കും. ഇങ്ങനെ പുതുതായി വരുന്ന 5000 പശുക്കളിൽ നിന്നും പ്രതിദിനം മുപ്പതിനായിരം പാൽ മിൽമയ്ക്ക് അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് പ്രതിവർഷം 6 കോടി രൂപയാണ് ചെലവ്. ഇതിൽ 3 കോടി രൂപ മിൽമ വഹിക്കുമെന്ന് കല്ലട രമേശ് പറഞ്ഞു. മിൽമയ്ക്ക് പാൽ നല്കുന്ന ക്ഷീരസംഘങ്ങൾ വഴിയാണ് പശുക്കുട്ടികളെ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ദത്തെടുക്കൽ ആഗസ്റ്റ് 6 ന് അഞ്ചൽ റോയൽ ആഡിറ്റോറിയത്തിൽ മന്ത്രി അഡ്വ.കെ.രാജു ഉത്ഘാടനം ചെയ്യും. മിൽമ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷനാകും.