സ്വാതന്ത്ര്യ ദിനത്തിന്റെ 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ മഹത് വ്യക്തിത്വങ്ങൾ നാടിന്റെ അഭിമാനമാണ്. അവർ കാണിച്ച രണവീര്യത്തിന്റെ വഴി ഉൾപുളകത്തോടെ അനുരണനമുണർത്തുന്നതാണ്.93 കാരനായ എൻ.കാർത്തികേയ പണിക്കർ ആ കാലങ്ങൾ അനുസ്മരിക്കുന്നത് ദേശാഭിമാനത്തിന്റെ അലകൾ ഉണർത്തിയാണ്.
സ്വന്തം മാതാപിതാക്കൾ മരിച്ചപ്പോൾ ഒരു നോക്ക് കാണാൻ പോലും കഴിയാതെ കസബ പോലീസിന്റെ തടങ്കലിൽ കിടന്നു കൊണ്ട് സ്വാതന്ത്ര്യ ലബ്ദിക്കായി പടപൊരുതിയ കാർത്തികേയ പണിക്കർ ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരിൽ ഒരു വ്യക്തിയാണ് .തൃക്കരുവ എസ് എൻ വി സംസ്കൃത സ്കൂളിൽ ദ്വിതീയത്തിന് പഠിക്കുമ്പോഴാണ് കാർത്തികേയ പണിക്കർ വിദേശ ആധിപത്യത്തെ എതിർത്ത് സ്വാതന്ത്ര്യലബ്ദിക്കായി സമര പോരാട്ടത്തിൽ പങ്കെടുക്കുന്നത്. 1944 ഏപ്രിൽ 5മുതൽ കൊല്ലത്ത് നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത കാർത്തികേയ പണിക്കർ ഒക്ടോബർ 7വരെ പോലീസ് തടങ്കലിൽ പാർപ്പിച്ചു. അവിടെ പോലീസിൽ നിന്നും അതിക്രൂരവും നിഷ്ഠൂരവുമായ യാതനകൾ കാർത്തികേയ പണിക്കർക്ക് ഏല്‌ക്കേണ്ടി വന്നു. പഠിച്ച സ്കൂളിൽ നിന്നും വീട്ടിൽ നിന്നും പുറത്തായപ്പോഴും കാർത്തികേയ പണിക്കർ സ്വാതന്ത്ര്യ സമരത്തിൽ നിന്നും പിൻമാറിയില്ല.സംസ്കൃത പഠനത്തിൽ ഉയരങ്ങളിലേക്കുള്ള വഴി തുറന്ന് കിടക്കുമ്പോൾ അതു പോലും ഉപേക്ഷിച്ചാണ് കാർത്തികേയ പണിക്കർ ഗാന്ധി തൊപ്പിയണിഞ്ഞ് അഷ്ടമുടിയിൽ നിന്നും ചങ്കുറ്റത്തോടെ പീരങ്കി മൈതാനത്തെ ജാഥയിൽ പങ്കെടുത്തത്.ജീവൻ പണയം വെച്ച് പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹത്തോടൊപ്പം മരങ്ങാട്ട് പത്മനാഭൻ ,ആശ്രാമം വി.ഭാസ്ക്കരൻ എന്നിവരും ഉണ്ടായിരുന്നു.ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം കോട്ടൺ മില്ലിന്റെ മുന്നിൽ സമരം നടത്തുമ്പോൾ കാർത്തികേയ പണിക്കരെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തുതു.സർ സി.പി.യുടെ കിരാത ഭരണത്തെ എതിർത്ത കാർത്തികേയ പണിക്കരുടെ സംഘത്തിലെ ആശ്രാമം ലക്ഷമണൻ, കൊല്ലൂർവിള മുഹമ്മദ് കുഞ്ഞ് എന്നിവർ പോലീസിന്റെ വെടിയുണ്ടകളിൽ വീരചരമം പ്രാപിച്ചു.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി 70 വർഷങ്ങൾ പിന്നിടുമ്പോൾ ഈ സ്വാതന്ത്ര്യ സമര സേനാനിക്ക് സ്വന്തമായി വീടോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ലഭ്യമായിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള സംസ്ഥാന പെൻഷൻ മാത്രമാണ് ഏക ആശ്വാസമായുള്ളത്. ഇപ്പോൾ മകന്റെ കാവനാടുള്ള വീട്ടിൽ ഭാര്യ ശാന്തയുമായാണ് താമസം. സംസ്കൃത പണ്ഡിതനായിരുന്ന അഷ്ടമുടി നങ്ങ്യാർ തോട്ടത്തിൽ ഉപാധ്യായ മാധവ പണിക്കരുടെയും കൊച്ചിക്ക പണിക്കത്തിയുടെയും നാലു മക്കളിൽ ഇളയവനാണ് കാർത്തികേയ പണിക്കർ.സകല സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞ് ദേശ സ്നേഹത്തിന്റെ നന്മയക്കായി ജീവിതം ഉഴിഞ്ഞ് വെച്ച കാർത്തികേയ പണിക്കർ “സ്വാതന്ത്ര്യം തന്നെ അമ്യത്” എന്ന വിശ്വാസത്തിലുറച്ച് ശിഷ്ടകാലം ജീവിക്കുകയാണ്.