ദുരന്തബാധിതരുടെ പേരിൽ ചാനലുകൾ സ്വരൂപിക്കുന്ന തുക യഥാർത്ഥത്തിൽ എന്തിന് വേണ്ടി?
ആദ്യം തന്നെ ഒറ്റവാക്കിൽ ഉത്തരം പറയാം: “ചാനലുകൾക്ക് തടിച്ച് കൊഴുക്കാൻ ” .
ഇത് യാഥാർത്ഥ്യമാണ്.
അതായത്, പച്ചയായ യാഥാർത്ഥ്യം.
ഇവിടെ സുനാമി വന്നപ്പോൾ ഈ അവസ്ഥ നേരിൽ മനസ്സിലാക്കാൻ അവസരം ലഭിച്ച ഒരു വ്യക്തിയാണ് ഈ ലേഖകൻ. യഥാർത്ഥത്തിൽ സുനാമിയുടെ പേരിൽ എത്രയോ സംഘടനകളും ചാനലുകളും പണപ്പിരിവ് നടത്തിയതിന് ഒരു കണക്കുമില്ല; ഒരു അന്തവുമില്ല.
സുനാമി ബാധിതരുടെ പേരിൽ ഈ പറയുന്നവർ പിരിച്ച തുകയിൽ നിന്നും അവർക്ക് എന്ത് നല്കിയെന്നുള്ളത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ഇതൊക്കെ അവിടെ നില്ക്കട്ടെ –
മലയാളത്തിലെ പ്രമുഖ ചാനലുകൾ പ്രളയബാധിതരുടെ അവസ്ഥകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് അല്ലെങ്കിൽ, വഹിക്കുന്നത് വിസ്മരിക്കുന്നില്ല. അത് ചാനലുകളുടെ ധാർമ്മികതയും അല്ലെങ്കിൽ ” റേറ്റിംഗിന്റെ “പ്രവണതയുമാകാം.
പക്ഷേ, ദുരന്തബാധിതരുടെ പേരിൽ പണം സ്വരൂപിക്കുന്നത് നീതിക്ക് നിരക്കുന്നതോ യാഥാർത്ഥ്യതയ്ക്ക് അടിസ്ഥാനമോ അല്ല. അതിന് മതിയായ കാരണങ്ങളുണ്ട്:
” വെന്തപുരക്ക് ഊരിയ കഴക്കോൽ ” അല്ലെങ്കിൽ, “കാറ്റുള്ളപ്പോഴെ തൂറ്റാൻ പറ്റൂ ” എന്ന പഴമൊഴികളും ഈ അവസരത്തിൽ പറയാതെ നിർവ്വാഹമില്ല.
സുനാമിയെ തുടർന്ന് മലയാളത്തിലെ ഇപ്പോൾ ഒന്നാം നിരയിൽ എന്ന് അവകാശപ്പെടുന്ന ഒരു പ്രമുഖ ചാനൽ, ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ ചാനലിന്റെ പേരിൽ ബാങ്കിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി,IFSC കോഡ് സഹിതം ചാനലിലൂടെ പരസ്യം നല്കി കോടികൾ സമാഹരിച്ചത് വസ്തുതാപരവും ഏവർക്കും അറിയാവുന്നതുമാണ്. എന്നാൽ, ആ ചാനലിൽ അങ്ങനെ ലഭിച്ചുകൊണ്ടിരുന്ന പ്രവാസി മലയാളികളുടെ ചെക്കുകൾ, ഡ്രാഫ്റ്റുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ( കിട്ടുന്നവയുടെ ചെറിയ ഒരംശം) പ്രേക്ഷകർക്ക് അവരുടെ ഒരു പ്രത്യേക പ്രോഗ്രാമിലൂടെ നല്കിയിരുന്നത് മൺമറഞ്ഞ പ്രശസ്തനായ ഒരു അവതാരകനായിരുന്നു. പ്രവാസി മലയാളികൾ കൂടാതെ മറ്റുള്ളവരും ലക്ഷക്കണക്കിന് തുക അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.പക്ഷേ, ആരോ ഒരാൾ ആ ചാനലിന് ലഭിച്ച തുക അറിയണമെന്ന് അവതരകനോട് ആവശ്യപ്പെട്ടപ്പോൾ നികൃഷ്ടമായ മറുപടിയാണ് നല്കിയത്: “താത്പര്യമില്ലാത്തവർ പണം അടയക്കണ്ടാ ” എന്ന് ധാർഷ്ഠ്യത്തോടെ പറഞ്ഞ് അതിന് വിരാമം ഇടുകയാണ് ചെയ്തത്.
എന്നാൽ, പിന്നെയും കോടികൾ ആ ചാനലിന്റെ പേരിൽ വന്നു കൊണ്ടിരുന്നു. ഈ തുകയിൽ എത്രമാത്രം സുനാമി ബാധിതർക്ക് ഇവർ നല്കിയതായി ഒരു കണക്കും ഉണ്ടായില്ല. അത് ആരും ചോദിക്കാനും തയ്യാറുമായില്ല.ഫലമോ? ആ ചാനൽ തടിച്ച് കൊഴുത്ത് വിശാലതയുടെ അർത്ഥതലങ്ങളിലേക്ക് എല്ലാ അംശത്തിലും എത്തിച്ചേർന്നു.
സ്റ്റുഡിയോയിൽ അത്യന്താധുനിക ഉപകരണങ്ങൾ, ടെക്നോളജിയുടെ മാറ്റങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങൾ… ഇങ്ങനെ ആ ചാനൽ പാപം സുനാമി ബാധിതരുടെ പേരിൽ വിശ്വ വിശാലമായി!
അത്ഭുതപ്പെടുത്തുന്നത് ഒന്ന് മാത്രമാണ്:
ഈ ചാനലിന്റെ പേരിൽ ഒരാളുപോലും ഇതിന്റെ പേരിൽ രംഗത്തിറങ്ങിയില്ലെന്നതാണ് വസ്തുത അല്ലെങ്കിൽ, യാഥാർത്ഥ്യം.
ഇതാ വീണ്ടും ഇപ്പോൾ സുനാമിയെപ്പോലെ ഒരവസരം കൂടി വീണുകിട്ടിയിരിക്കുന്നു!
ആ ചാനൽ ഇപ്പോഴും പ്രളയ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ അതേ പോലെ രംഗത്തിറങ്ങിയിരിക്കുകയാണ്. പക്ഷേ, ആ ചാനൽ മാത്രമല്ല, മറ്റ് ചില ചാനലുകളും ഇതിന്റെ “മാഹാത്മ്യം ” മനസ്സിലാക്കി പണം സ്വരൂപിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്.
പണം നല്‌കേണ്ടവർ ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രമാണ്: നിങ്ങൾ നല്കുന്ന തുക യഥാർത്ഥത്തിൽ ദുരന്ത ബാധിതർക്കാണോ എത്തുന്നതെന്ന് തീർച്ചയായും അറിയേണ്ടതുണ്ട്. അത് ചോദിക്കാനുള്ള കടമ അല്ലെങ്കിൽ, ഉത്തരവാദിത്വം നിങ്ങൾക്കുണ്ടു്.
ഇനിയെങ്കിലും ആലോചിക്കുക –
ഈ ലേഖകൻ നഗ്നമായ ചില സത്യങ്ങൾ പറഞ്ഞെന്നേയുള്ളു.
ചാനലുകൾ റേറ്റിംഗ് കൂട്ടാൻ തോരാത്ത മഴയിലും ചിലപ്പോൾ പ്രളയത്തിലും നിന്ന് റിപ്പോർട്ടുകൾ ചെയ്തെന്ന് വരാം.അത് സ്വാഭാവികമാണ്. അത് മറക്കണ്ടാ –
എന്ന് കരുതി മറ്റൊരു മറു ചിന്തയിൽ വഴുതി വീഴുന്നതിന് മുൻപ് പ്രേക്ഷകർ, സൻമനസ്സുള്ളവർ ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും.
ഇനി വ്യത്യസ്തമായി ഒന്നു കൂടി:
പണം സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ ഏല്പിക്കാമെന്ന് കരുതിയാൽ അതും അപകടമാണ്. ശരിക്കും പറഞ്ഞാൽ “കള്ളന് കഞ്ഞി വെച്ച “പോലെയാകും.
അപ്പോൾ പിന്നെ ദുരന്തബാധിതരെ സഹായിക്കുന്നതെങ്ങനെ?
”അതാണ് ഈ ലേഖകനും അറിയാത്തത്!”