28.1 C
Kollam
Sunday, December 22, 2024
HomeNewsസദാചാര സങ്കല്പങ്ങൾ കാറ്റിൽ പറത്തി സുപ്രീം കോടതി വിധി

സദാചാര സങ്കല്പങ്ങൾ കാറ്റിൽ പറത്തി സുപ്രീം കോടതി വിധി

ഇന്ത്യൻ ഭരണഘടന ലിഖിതമാണ്. അഥവാ, എഴുതപ്പെട്ടതാണ്.
ഭരണഘടനാ മാറ്റങ്ങൾ കാലഘട്ടത്തിനൊപ്പം അനിവാര്യമാണെങ്കിലും അത് മനനങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും പര്യാപ്തമായ സാഹചര്യങ്ങളെയും നാനാവശങ്ങളെയും സവിസ്തരമായി പഠിച്ചും നിരീക്ഷിച്ചും വേണം മാറ്റേണ്ടത്.
അതിനുള്ള അധികാരം പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ അധിഷ്ഠിതമാണെങ്കിലും, വകുപ്പുകൾ ഭേദഗതി ചെയ്യുമ്പോൾ, ഈ വശങ്ങളെല്ലാം നിരീക്ഷിച്ചാണോ മാറ്റം വരുത്തുന്നത് അല്ലെങ്കിൽ അസ്ഥിരപ്പെടുത്തുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
158 വർഷത്തെ നിയമസാധുതയിലലെ 497-ആം വകുപ്പാണ് ഇപ്പോൾ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റീസ് ഉൾപ്പെടെ അഞ്ച് ജഡ്ജിമാർ ചേർന്ന് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് അസ്ഥിരപ്പെടുത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ക്യൻ നരിമാൻ, എ.എം ഖാൻ വിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബഞ്ചാണ് വകുപ്പ് അസ്ഥിരപ്പെടുത്തിയതിൽ ഉൾപ്പെട്ട ജഡ്ജിമാർ.
വിധി പ്രസ്താവത്തിൽ അഞ്ച് ജഡ്ജിമാരുടെ കൂട്ടത്തിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര മാത്രമാണ് വകുപ്പ് എടുത്തുകളഞ്ഞത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നിരീക്ഷിച്ചത്.

ഇന്ത്യൻ പീനൽ കോഡ് നടപ്പിലായത് 1860 ലാണ്.
അതായത്, ഒന്നര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
പീനൽ കോഡിലെ 497-ആം വകുപ്പാണ് ഇപ്പോൾ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
അത് വ്യഭിചാരം അഥവാ ജാരവൃത്തി വകുപ്പിൽ പെടുന്നു.
മറ്റൊരുവന്റെ ഭാര്യയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളുടെ ഭർത്താവിന്റെ സമ്മതമോ ഒത്താശയോ ഇല്ലാതെ അവളുമായി, ബലാൽസംഗത്തിന്റെ പരിധിയിൽ വരാത്ത, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷ വരാവുന്ന കുറ്റകൃത്യമാണ് അയാൾ ചെയ്യുന്നത്.
പ്രേരണാ കുറ്റത്തിന് ഭാര്യക്കെതിരെ നടപടിയെടുക്കാനും കഴിയില്ല.
ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന വിഭാവന ചെയ്യുന്ന സമത്വഭാവനയെയും ലംഘിക്കുന്നതാണ് ഈ വകുപ്പെന്ന അടിസ്ഥാനത്തിലാണ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് സുപ്രീം കോടതി 497-ആം വകുപ്പ് അസ്ഥിരപ്പെടുത്തിയിരിക്കുന്നത്.


കോടതിയുടെ പ്രധാന നിഗമനങ്ങൾ:
* വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുന്നത് ഒരു കുറ്റകൃത്യമല്ല.
* മേൽ പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻ വഴി തെറ്റിക്കുന്നവനാണെന്നും അഥവാ വേട്ടക്കാരനാണെന്നും (seducer) സ്ത്രീ വെറും ഇരായാണെന്നുമുള്ള സങ്കല്പം ഇക്കാലത്ത് നിലനില്ക്കുന്ന ഒന്നല്ല.
സമത്വം എന്നത് ഇന്നത്തെ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന പ്രധാന തത്വമാണ് (principle).
ഭർത്താവ് ഭാര്യയുടെ യജമാനല്ല(master).
* വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നടക്കുന്ന സംഭവത്തിനെ കുറ്റകരമാക്കി (criminality) മാറ്റുന്നത് ശരിയല്ല.
പുരുഷനും സ്ത്രീക്കും തുല്യമായ പങ്കാളിത്വം വീട്ടിലുള്ളപ്പോൾ നിയമത്തിന് അവരെ വേർതിരിച്ച് കാണാനാവില്ല.
* സ്ത്രീയുടെ വ്യക്തിഗതമായ അന്തസിനെയും സമത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമത്തിനും പരിഷ്കൃത സമൂഹത്തിൽ ഒരു സ്ഥാനവും ഇല്ല. അത് ഭരണഘടനയുടെ അമർഷത്തിന് (wrath) പാത്രീഭൂതമാകും.
* ഒരു സ്ത്രീയുടെ ലൈംഗികമായ സ്വയനിർണ്ണയാവകാശം അനുരജ്ഞനത്തിന് വിധേയമാക്കാവുന്ന ഒന്നല്ല.
അത് അവളുടെ അവകാശമാണ്.
ഒരു നിബന്ധനയും അവളുടെ മേൽ അടിച്ചേല്പിക്കാൻ പാടില്ല.
പാതിവൃത്യം സത്രീയക്ക് മാത്രം ഉള്ളതല്ല. അത് പുരുഷനും തുല്യമായി ബാധകമാണ്.
* ഭർത്താവിന്റെ അനുമതിയുണ്ടെങ്കിൽ ഒരു ലൈംഗിക പ്രവർത്തി കുറ്റകരമല്ലെന്ന് പറയുന്നത് യുക്തിഹീനമായ (illogical) ഒന്നാണ്.
* ഒരു വിവാഹം അസന്തുഷ്ഠിതമായി മാറുന്നതിന് വ്യഭിചാരം ഒരു കാരണമാകണമെന്നില്ല.
മറിച്ച്, അപ്രകാരമുള്ള അസന്തുഷ്ട ജീവിതത്തിന്റെ ഫലമാകാം വ്യഭിചാരം.

സ്ത്രീ സമത്വം എന്ന ഭരണഘടന വിഭാവന ചെയ്യുന്ന ഉദാത്തമായ സങ്കല്പത്തിന് പിറകെ വൈകാരികമായി എന്ന് വിശേഷിപ്പിക്കാവുന്ന നിലയിൽ നീങ്ങിയതിലൂടെ ബഹു. സുപ്രീം കോടതി ജഡ്ജിമാർക്ക് ” സ്ഥലജല ഭ്രമം” ഉണ്ടായോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
തന്റെ ഭാര്യയുമായി ബന്ധപ്പെട്ടവനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം ഭർത്താവിന് കൊടുത്തതിലൂടെ ഭാര്യയെ ഒരു ജംഗമ വസ്തുവായി കണക്കാക്കി പുരുഷമേധാവിത്വം അവളിൽ അടിച്ചേല്പിക്കുകയാണെന്ന നിഗമനത്തിലാണ് വിധി ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സമത്വം ഉറപ്പാക്കുന്ന തത്രപ്പാടിൽ എലിയെ പേടിച്ച് ഇല്ലം ചുട്ട അവസ്ഥയാണ് ഈ വിധിയിലൂടെ സംജാതമായിരിക്കുന്നത്.
ഈ വിധിയിലൂടെ സ്ത്രീകൾക്ക് പുതുതായി എന്തു നേടി കൊടുക്കാൻ കോടതിക്ക് കഴിഞ്ഞു എന്നത് ഗൗരവമായി പരിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
ഇതിനായി സ്ത്രീകളെമൂന്ന് തട്ടുകളിലായി വേർതിരിക്കാം:
* ചരിത്രാധീത കാലം മുതൽ ഭരണ രംഗത്തുള്ളവരുടെ പ്രീതി സമ്പാദിച്ച് സാമ്പത്തിക നേട്ടവും സമൂഹത്തിൽ ഉന്നത സ്ഥാനവും നേടാൻ ലൈംഗിക വേഴ്ചക്ക് സ്വയം തയ്യാറായി ഇറങ്ങി തിരിച്ച സ്ത്രീകളെ പിൻതുടർന്ന് ഭരണരാഷ്ട്രീയ രംഗത്ത് ഉള്ളവരോടൊപ്പം അന്തിയുറങ്ങുന്ന സ്ത്രീകൾ ഇന്നും അനവധിയാണ്.
പലപ്പോഴും ഭർത്താക്കൻമാരുടെ അറിവോടും ഒത്താശയോടും കൂടിയാണ് അവരുടെ നീക്കം.മറിച്ച്, എതിർക്കുന്ന ഭർത്താക്കൻമാരെ തങ്ങളുടെ വരുതിയ്ക്ക് നിർത്താൻ കഴിവുള്ള അത്തരം സ്ത്രീകൾക്ക്, യാതൊരു കെട്ടുപാട് ഇല്ലാത്തതു കൊണ്ടും ആരോടും പ്രത്യേകിച്ചും വിധേയത്വം ആവശ്യമില്ലാത്തതു കൊണ്ടും ഒരു നിയമത്തിന്റെയും പിൻബലം അവരുടെ അഴിഞ്ഞാട്ടത്തിന് ആവശ്യമില്ല.
* എതിർത്താൽ ഭർത്താവിൽ നിന്ന് ഉണ്ടാകാവുന്ന ശാരീരിക പീഢനത്തെ ഭയന്നോ, തുടർന്നുള്ള ജീവസന്ധാരണത്തിന് ഭർത്താവിനെ മാത്രം ആശ്രയിക്കേണ്ടി വരുമെന്നത് കൊണ്ടോ, ഭർത്താവിന്റെ നിർബ്ബന്ധത്തിന് വഴങ്ങി അയാളുടെ സുഹൃത്തിന്റെ അതിക്രമത്തിന് വിധേയമാകേണ്ടി വരുന്ന ഒരു സാധു സ്ത്രീയെ (ഉദാ. മദ്യപാനിയായ ഭർത്താവ് തനിക്ക് മദ്യം വാങ്ങി നല്കുന്ന കൂട്ടു മദ്യപാനി ) സംബന്ധിച്ചടത്തോളം 497-ആം വകുപ്പ് ഒരു ശാപമായിരുന്നു.
മരണ ഭീതിയിൽ നിർത്തി നേടിയെടുക്കുന്ന അവളുടെ സമ്മതം, നിയമ ദൃഷ്ടിയിൽ സമ്മതം അല്ല എന്നത് കൊണ്ട് തന്നെ അത് ബലാൽസം‌ഗമാണ്.
എങ്കിൽ കൂടി, ഭർത്താവിനെയും കുടുംബത്തിലെ ചട്ടക്കൂടിനെയും മറികടന്ന് നിയമ പരിരക്ഷ നേടാൻ അവർക്ക് കഴിയുമായിരുന്നില്ല.
പുതിയ വിധിന്യായത്തിലൂടെ അവളുടെ ഗതികേട് പഴയ നിലയിൽ തുടരുന്നു എന്ന് മാത്രമല്ല, അതിക്രമിച്ച് കടന്നവൻ ”വേട്ടക്കാരനല്ല” എന്ന കോടതിയുടെ പുതിയ നിഗമനത്തിൽ പതിൻമടങ്ങ് വീറോടെ ബലാൽസംഗം തുടരാൻ അവന് കഴിയുന്നു.

* *മൂന്നാമതൊരു വിഭാഗം സ്ത്രീകൾ ഈ വിധിയുടെ ആനുകൂല്യത്തിന് അർഹരാണ്.
ഭർത്താവിന്റെ കഴിവുകേട് മൂലം ലൈംഗിക സംതൃപ്തി നേടാൻ കഴിയാതെ വിഷമ വൃത്തത്തിൽ കഴിയുന്ന സ്ത്രീകളെ സംബന്ധിച്ച ത്തോളം തനിക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷൻ യാതൊരു ഭയാശങ്കയുമില്ലാതെ താനുമായി ബന്ധപ്പെടാൻ മുന്നോട്ട് വരാനുള്ള സാഹചര്യം പുതിയ വിധിയിലൂടെ ഉണ്ടാകുന്നു. തന്റെ ഗതികേട് കൊണ്ടോ സഹാനുഭൂതി കൊണ്ടോ അതിനെ എതിർക്കാത്ത ഭർത്താവാണ് അവളുടേതെങ്കിൽ വിവാഹ മോചനത്തിന്റെ ഭയാശങ്കയും അവൾക്ക് ഒഴിഞ്ഞ് കിട്ടും.
സ്ത്രീകളിൽ ഈ വിഭാഗത്തിൽപ്പെട്ടവരെ മാത്രം സഹായിക്കാനെ പുതിയ വിധിക്ക് കഴിയൂ.
ആ നിലയ്ക്ക് നോക്കുമ്പോൾ, ആത്യന്തികമായി ഭരണഘടനാനുസൃതമായ സമത്വം സ്ത്രീകൾക്ക് നിഷേധിക്കുന്ന ഫലമാണ് ഈ വിധികൊണ്ട് ഉണ്ടായത്.
നിലവിലുണ്ടായിരുന്ന വകുപ്പിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കാമായിരുന്നത്, പരപുരുഷ ബന്ധത്തിൽ ഒരു സ്ത്രീ ഏർപ്പെട്ടാൽ, അതിന് അനുവാദമോ സമ്മതമോ നല്കാതിരുന്ന ഭർത്താവിന് അന്യ പുരുഷന് എതിരെ നിയമ നടപടി സ്വീകരിക്കാൻ അവകാശമുള്ളപ്പോൾ, പരസ്ത്രീ ഗമനത്തിൽ തത്പരനായ ഭർത്താവിനെ കയ്യോടെ പിടിച്ചാലും കൂട്ടുപ്രതി ഒരു ഭാര്യയോ, വിധവയോ, കന്യകയോ ആയാലും അവൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് പകരം വീട്ടാൻ ഭാര്യയ്ക്ക് കഴിയുമായിരുന്നില്ല എന്നതായിരുന്നു.
എങ്കിൽ, വിഭിചാരം ഫലത്തിൽ നിയമ വിധേയമാക്കി, ഭാരതത്തിന്റെ പരമ്പരാഗത സാമൂഹ്യ ഘടനയെയും സദാചാര മൂല്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നതിന് പകരം 497-ആം വകുപ്പ് പ്രകാരം ഭർത്താവിന് മാത്രമായി നല്കിയിരുന്ന മേൽ വിവരിച്ച അവകാശം ഭാര്യയ്ക്കും കൂടി നല്കുകയും അതോടൊപ്പം തന്നെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെയും ഭർത്താവിനെയും കൂട്ടി ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്താൽ പോരായിരുന്നോ?


പാതിവൃത്യം സ്ത്രീയ്ക്ക് മാത്രമുള്ളതല്ല, പുരുഷന് കൂടി ബാധകമാണെന്ന ബഹു.കോടതിയുടെ കാഴ്ചപ്പാട് ഊട്ടി ഉറപ്പിക്കുന്ന ഒന്നാകുമായിരുന്നില്ലേ അത്.മറിച്ച്, വൈവാഹിക ജീവിതത്തിനുള്ളിൽ ലൈംഗിക കാര്യങ്ങളിൽ സ്ത്രീക്കും പുരുഷനും സ്വയംഭരണം നല്കണമെന്നുള്ള നിലപാടാണ് കോടതിയെടുത്തത്. അതിലൂടെ മാതാപിതാക്കളും മക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തിലെ സമാധാന അന്തരീക്ഷം എത്രത്തോളം വൃണപ്പെടും എന്നത് കോടതി പരിഗണിച്ചതായി കാണുന്നില്ല.
എന്നാൽ, കോടതിയും ഒരു ചിന്താക്കുഴപ്പത്തിലായി എന്നത് ഒരു വസ്തുത കൊണ്ട് തന്നെ വെളിവാകും:വിവാഹേതരബന്ധം ഫലത്തിൽ  തന്നെ തൻമൂലം എതിർലിംഗത്തിൽപ്പെട്ടയാൾ ആത്മഹത്യ ചെയ്യാൻ ഇട വന്നാൽ, തെളിവുകളുണ്ടെങ്കിൽ, പ്രേരണാകുറ്റത്തിന് ബന്ധപ്പെട്ട കക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കാം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആത്മഹത്യ ചെയ്യാൻ തയ്യാറായില്ലെങ്കിൽ തന്നെ എതിർലിംഗത്തിന്റെ മേൽ വിവരിച്ച ചാപല്യം ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വ്യക്തി ചിലപ്പോൾ കൊലപാതകത്തിലൂടെ തന്നെ ആ ബന്ധം അവസാനിപ്പിക്കാനുള്ള സാധ്യതയും നിലനില്ക്കുകയാണ്. ഇപ്പോൾ സർവ്വതന്ത്ര സ്വതന്ത്രമായി ഏതു പൊതു സ്ഥലത്തും ഭയാശങ്കകൂടാതെ വ്യഭിചരിക്കാൻ കഴിയുമെന്ന നില വരുന്നതോടെ മേൽ വിവരിച്ച വിധമുള്ള കയ്യാം കളികൾ വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്.
കോടതി ഒരു മർമ്മ പ്രധാനമായ കാര്യം തീർത്തും അലക്ഷ്യമായി കൈകാര്യം ചെയ്തു എന്നത് വേദന ഉളവാക്കുന്ന കാര്യമാണ്:
സ്ത്രീ സ്വാതന്ത്ര്യമെന്ന സങ്കൽപത്തിൽ മാത്രം ഊന്നി ഇപ്രകാരം ഒരു വിധിന്യായം പുറപ്പെടുവിച്ചതിലൂടെ ന്യായാധിപൻമാർ ” കുടത്തിൽ നിന്നും തുറന്നു വിട്ട ഭൂതം “എത്ര മാരകമായ ഒന്നാണെന്ന് എന്നത് കണക്കിലെടുത്തതായി കാണുന്നില്ല.
ഒരു വിവാഹ ബന്ധത്തിലേക്ക് അതിക്രമിച്ച് കടക്കുന്നവൻ വേട്ടക്കാരനാണെന്നും സ്ത്രീ വെറും ഒരു ഇരയാണെന്നും ഉള്ള പരമ്പരാഗത സങ്കല്പത്തിന് പ്രസക്തിയില്ലാ എന്ന് ജഡ്ജിമാർ പറഞ്ഞതിലൂടെ, യാതൊരു ഭയാശങ്കയും കൂടാതെ, താന്തോന്നികളായി പ്രവർത്തിക്കാൻ ഇടയുള്ള ഒരു ക്രിമിനൽ വർഗ്ഗത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്വമേധയാ വിവാഹേതര ബന്ധം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീയ്ക്ക് മാത്രമെ പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കേണ്ടതുള്ളു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും വശീകരിച്ച സ്വായത്തമാക്കാൻ ഏറെപ്പേർക്ക് കഴിയുമെന്നിരിക്കെ, പ്രവാസികളുടെ ഭാര്യമാർ ഉൾപ്പെടെയുള്ള കുടുംബങ്ങളിൽ നിന്നും പ്രലോഭിപ്പിച്ച് സ്ത്രീകളെ പുറത്തു കൊണ്ടുപോകാൻ പലരും മുന്നോട്ട് വരും എന്നുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വ്യഭിചാരത്തിന് പറ്റിയ ഒരു ഇടം കണ്ടു പിടിക്കുക എന്നത് ഇനി മുതൽ ഒരു കീറാമുട്ടിയല്ല.
ഹോട്ടൽ മുറികളിൽ ചേക്കേറുന്നവരോട് അവരുടെ തിരിച്ചറിയൽ ഒരു പ്രശ്നമാകുന്നില്ല.
“സപ്രഷൻ ഓഫ് ഇമ്മോറൽ ട്രാഫിക് ” എന്ന നിയമം തന്നെ അപ്രസക്തമാകുന്ന സാഹചര്യത്തിൽ പോലീസ് റെയിഡിനെയോ സദാചാര പോലീസിനെയോ പേടിക്കണ്ടാ എന്ന സാഹചര്യവും ഇതോടെ അവസാനിക്കുകയാണ്.
അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നിലനില്ക്കുന്ന സാമൂഹ്യ ഘടനയെ തന്നെ തകിടം മറിക്കാനുള്ള ഒരു വിഷയം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത ബഹു.ജഡ്ജിമാർ കാലത്തിന് മറുപടി പറയേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.

 

- Advertisment -

Most Popular

- Advertisement -

Recent Comments