പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സമവായ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നപ്പോള്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെ ജോസ് ടോം. ഇല വേണമെന്ന വാശിയുമായി ജോസ് കെ മാണി പക്ഷം രംഗത്തു വന്നെങ്കിലും നല്‍കില്ലെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിജെജോസഫ് തീരുമാനിക്കുകയായിരുന്നു. അല്‍പം ആശ്വാസത്തിന് യുഡിഎഫ് നിര്‍ണയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ജോസഫ് പറഞ്ഞുവെച്ചു. ആള്‍മാറാട്ടവും കൃത്രിമത്വം നടത്തി സ്ഥാനാര്‍ഥി നിര്‍ണയം ജോസ് കെ മാണി പക്ഷം നടത്തിയെന്നും ജോസഫ് പക്ഷം ആരോപിക്കുന്നു.
രണ്ടില ചിഹ്നത്തിൽ രണ്ടിലൊന്ന് അറിയാനല്ല, ജോസഫിനെ പ്രതിരോധിക്കാനായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. എന്നാല്‍ അതും പാളി . ചിഹ്നം കിട്ടിയില്ലെന്നു മാത്രമല്ല ജോസഫിനെ പ്രതിരോധിക്കാനുമായില്ല. അപ്പോള്‍ ജോസഫ് വിഡ്ഢി യാണെന്ന് പാര്‍ട്ടി മുഖപത്രത്തിലൂടെ ജോസ് കെ മാണി പക്ഷം തിരിച്ചടിച്ചു. കൂടുതല്‍ കളിച്ചാല്‍ ജോസ് ടോം നിയമസഭ കാണില്ലെന്ന് ജോസഫും പ്രതികരിച്ചു.
പാര്‍ട്ടി മുഖപത്രത്തിലൂടെ സംസാരിക്കുന്നതാരാണെന്ന് തിരിച്ചറിയാനുള്ള വകതിരിവ് തനിക്കുണ്ടെന്നും ജോസഫ് മറുപടി പറഞ്ഞു. നാമനിര്‍ദ്ദേശിക പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ ജോസ് ടോം കൈതചക്ക കിട്ടുമോ എന്ന കാര്യം ഇന്നറിയാം. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. മാണി സാറിനെ അറിയാവുന്ന പാലായിലെ ജനങ്ങള്‍ തന്നോടൊപ്പം നില്‍ക്കും എന്ന വിശ്വാസമാണ് ഇല പോയെങ്കിലും കൈതചക്കയില്‍ പിടിച്ചു കയറാന്‍ ജോസ് ടോം ആത്മവിശ്വാസം പകരുന്നത്.