25.6 C
Kollam
Wednesday, September 18, 2024
HomeLocalകൊല്ലം ജില്ലാ വാർത്തകൾ; ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം

കൊല്ലം ജില്ലാ വാർത്തകൾ; ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം

ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം – ജില്ലാ കലക്ടര്‍
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേമ്പറില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം.
കൊല്ലം, അഴീക്കല്‍, മുക്കം-താന്നി ബീച്ച് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളിലാകും പരിപാടികള്‍. തുടര്‍ന്ന് ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യ മുക്ത ക്യാമ്പയിനും നടത്തും. ബീച്ചിലെ മാലിന്യ സംസ്‌കരണത്തിന് ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
കൊല്ലം ബീച്ചില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് ബീച്ചുകളിലെയും പോലീസ് പെട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കും. മതിയായ സൂചന ബോര്‍ഡുകളും മിനി മാസ്‌ററ് ലൈറ്റും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
എ.ഡി.എം ആര്‍.ബീനാറാണി, സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ഡി വിജയകുമാര്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. സുധിര്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. രേഖ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കലക്ടറേറ്റ് വളപ്പിലെ ഉദ്യാനത്തില്‍ ചെങ്കുറിഞ്ഞിയും
കലക്ടറേറ്റ് വളപ്പിലെ ഉദ്യാനഭംഗിക്ക് മാറ്റുകൂട്ടാന്‍ ചെങ്കുറിഞ്ഞിയും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ‘സേവ് ചെങ്കുറിഞ്ഞി’ ക്യാമ്പയിന്റെയും വനമഹോത്സവ വാരാചരണത്തിന്റെയും ഭാഗമായാണ് തൈകള്‍ നട്ടത്. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആദ്യ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതിയുടെ വിസ്മയങ്ങളായ പൂക്കളൊരുക്കുന്ന സസ്യവൈവിദ്ധ്യത്തെ സംരക്ഷിക്കുന്നത് മാതൃകാപരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ അപൂര്‍വയിനമായ ചെങ്കുറിഞ്ഞിക്ക് സംരക്ഷണമൊരുക്കുന്നുണ്ട്. വംശനാശം നേരിടുന്ന സസ്യത്തിന് കരുതല്‍ ഒരുക്കുകയാണ് വനം വകുപ്പ്. ജില്ലയിലെ സ്‌കൂളുകളടക്കമുള്ള വിവിധയിടങ്ങളില്‍ തൈകള്‍ നടുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. അജിത്ത് പറഞ്ഞു. ജൂലൈ ഏഴ് വരെയാണ് വാരാചരണം.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍. എസ്. മനോജ്, ടി. അനില്‍കുമാര്‍, കെ. അനില്‍കുമാര്‍, ബൈജു നാസറുദ്ദീന്‍, സനോജ്, മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാലമ്പലദര്‍ശന തീര്‍ത്ഥാടന പാക്കേജുമായി കെ.എസ്.ആര്‍.ടി.സി
കൊല്ലം കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസത്തില്‍ പുണ്യക്ഷേത്രങ്ങളിലേക്ക് നാലമ്പലദര്‍ശന തീര്‍ത്ഥാടനം നടത്തും. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനക്രമത്തില്‍ സീറ്റുകള്‍ ലഭിക്കും. ജൂലൈ 16ന് രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്കായി 8921950903, 9496675635 നമ്പറുകളില്‍ ബന്ധപ്പെടാം.

കെ.എസ്.ആര്‍.ടി.സിയുടെ പൊന്മുടി യാത്ര
കൊല്ലം കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 10 നുള്ള പൊന്മുടി -നെയ്യാര്‍ ഡാം ഉല്ലാസ യാത്രക്കുള്ള ബുക്കിംഗ് തുടങ്ങി. പ്രവേശന ഫീസ് ഉള്‍പ്പടെ 770 രൂപയാണ് നിരക്ക്. ബുക്കിംഗിന് ഫോണ്‍ – 9447721659,8921950903,9496675635.

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍
തൊടിയൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.ഒ. കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ നിന്നും സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പശുവളര്‍ത്തല്‍ തുടങ്ങി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിഷ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സലിം മണ്ണെല്‍, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശ്രീകല, ഷബ്‌നജവാദ്, അംഗങ്ങളായ തൊടിയൂര്‍ വിജയന്‍, യു. വിനോദ്, ടി. ജന്ദ്രന്‍, കെ.ധര്‍മ്മദാസ്, പി. ജി. അനില്‍കുമാര്‍, സഫീന അസീസ്, എല്‍. സുനിത, അന്‍സിയ ഫൈസല്‍, ജഗദമ്മ, സുജാത, ബഷീര്‍, പഞ്ചായത്ത് സെക്രട്ടറി ബി. ആര്‍. ബിന്ദു എന്നിവര്‍ സംസാരിച്ചു.

അങ്കണവാടിക്ക് പുതിയ കെട്ടിടം
തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ കുരാ വാര്‍ഡ് 129-ാം നമ്പര്‍ അങ്കണവാടിയ്ക്ക് നിര്‍മിച്ച ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, ശുചിമുറികള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി.അനന്തു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുധ ജെ. അനില്‍, ആര്‍.എല്‍ വിഷ്ണു കുമാര്‍, നിഷ മോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗത്തിലെ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജൂലൈ 20ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-0474 2749048, 8075333190.

സസ്‌പെന്‍ഡ് ചെയ്തു
പരവൂര്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മഹിളാ പ്രധാന്‍ ഏജന്റായ എസ്. അമ്മിണി ദേവി അമ്മയുടെ ഏജന്‍സി കൊല്ലം ഡിവിഷന്‍ പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ദേശീയസമ്പാദ്യ പദ്ധതിയുടെ ഇടപാടുകള്‍ക്ക് ഏജന്റിന് വിലക്കുണ്ട്. നിക്ഷേപകര്‍ പാസ്ബുക്ക് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ പരവൂര്‍ പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ -0474 2798127.

ലൈഫ് മിഷന്‍: ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
മയ്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഒന്നാംഘട്ട അപ്പീലിനും ആക്ഷേപങ്ങള്‍ക്കും ശേഷമുള്ള ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും വില്ലേജ് ഓഫീസിലും കൃഷി ഓഫീസിലും പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ക്ക് രണ്ടാംഘട്ട അപ്പീലുകള്‍ ജൂലൈ എട്ട് വരെ ജില്ലാ കലക്ടര്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം.

സുരക്ഷാ മുന്നറിയിപ്പ്
മയ്യനാട് ഗ്രാമപഞ്ചായത്തിലെ മുക്കം-താന്നി ബീച്ചില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കടല്‍ത്തീര സന്ദര്‍ശനം, കടലില്‍ ഇറങ്ങിയുള്ള കുളി എന്നിവ ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചിരുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിങ് ചെയ്തിട്ടല്ലാത്തതിനാല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍, സാങ്കേതിക കാരണങ്ങളാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍, മറ്റു കാരണങ്ങളാല്‍ പെന്‍ഷന്‍ ലഭിക്കാത്ത അര്‍ഹതയുള്ളവര്‍, മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കിടപ്പുരോഗികളായവര്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ജൂലൈ 11 -ന് മൂന്നു മണിക്കകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ -0474 2555266.

ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
‘ഒരു വര്‍ഷം; ഒരു ലക്ഷം സംരംഭങ്ങള്‍’പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ പരവൂര്‍ നഗരസഭയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശ്രീലാല്‍ അദ്ധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഒ. ശൈലജ, സ്വര്‍ണ്ണമ്മ സുരേഷ്, ആര്‍. എസ് വിജയ്, സുരേഷ് ബാബു, സി. ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി. രേഖ, വ്യവസായ വകുപ്പ് പ്രതിനിധി കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതയ്‌ക്കൊരുങ്ങി കരുനാഗപ്പള്ളി നഗരസഭ
കരുനാഗപ്പള്ളി നഗരസഭയിലെ വാര്‍ഡുകളില്‍ 10 മുതല്‍ 80 വയസ്സ് വരെയുള്ളവര്‍ ഭരണഘടനാ സസാക്ഷര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും കിലയും ചേര്‍ന്നാണ് ഭരണഘടനാ സാക്ഷരത പരിപാടി നടത്തുന്നത്. 10 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണഘടനാ മൂല്യങ്ങള്‍, പൗരന്റെ അവകാശങ്ങള്‍, ചുമതല എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ്. എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിക്കുകയും പുസ്തകം ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
സെനറ്റര്‍മാര്‍ വാര്‍ഡുകള്‍ തോറും ഭരണഘടനമൂല്യങ്ങള്‍ വ്യക്തമാക്കുന്ന ക്ലാസ്സുകള്‍ നടത്തുകയാണ്. പകുതിയോളം വാര്‍ഡുകളിലും ക്ലാസ്സുകള്‍ പൂര്‍ത്തിയായി. 20 വീടുകള്‍ ഉള്‍പ്പെടുത്തിയ തുല്യതാ ഫോറങ്ങള്‍ രൂപീകരിച്ചാണ് ക്ലാസുകള്‍. നഗര തലത്തിലുള്ള സ്വാതന്ത്ര്യഫോറവും വാര്‍ഡ്തലത്തിലുള്ള ജനാധിപത്യ ഫോറങ്ങളും രൂപീകരിച്ചു.
ഭരണഘടനയെ അവബോധതിത്തിനായി നടത്തുന്ന പുതിയ ചുവടുവയ്പ്പാണ് പരിപാടിയെന്ന് കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു. ജൂലൈ 30നകം ക്യാമ്പയിന്‍ പൂര്‍ണ്ണമാക്കി ജില്ലയിലെ ആദ്യ ഭരണഘടന സാക്ഷരത പട്ടണം ആകാനുള്ള ഒരുക്കങ്ങളാണ് തുടരുന്നത്. ലഘുലേഖകള്‍ ഉള്‍പ്പടെ വിതരണം ചെയ്താണ് സെനറ്റര്‍മാരുടെ സംഘം ഭരണഘടനാ സാക്ഷരത യജ്ഞത്തില്‍ പങ്കാളികളാകുന്നത്. കിലയില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് സെനറ്റര്‍മാര്‍.

കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ-ടെലിവിഷന്‍-മൊബൈല്‍ ജേണലിസം പരിശീലനകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവയുണ്ടാകും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്.
തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലാണ് പരിശീലനം. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും 9544958182 നമ്പരിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം-695014, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍,ലിങ്ക് റോഡ്, കോഴിക്കോട് -673002 വിലാസങ്ങളിലും ലഭിക്കും.

വോക്ക് -ഇന്‍ -ഇന്റര്‍വ്യൂ
കൊല്ലം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വോക്ക്-ഇന്‍ -ഇന്റര്‍വ്യൂ ജൂലൈ 13ന് രാവിലെ 11 മണിക്ക് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. പ്രായപരിധി 45 വയസിന് താഴെ. അപേക്ഷകര്‍ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ അപേക്ഷയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും അസലും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നേരിട്ടോ 0474 2743821 നമ്പറിലോ ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്‌സ്, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, എ.സി ആന്റ് റഫ്രിജറേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയാണ് കോഴ്‌സുകള്‍. കൂടുതല്‍ വിവരങ്ങള്‍ 8590605260, 04712325154 നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി. ഒ തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

ഭരണാനുമതി
പുനലൂരിലെ നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലേക്ക് ബസ് വാങ്ങുന്നതിനായി എന്‍. കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 19,48,345 രൂപ അനുവദിച്ചു.
പോരുവഴി ഗ്രാമപഞ്ചായത്തിലെ കൊച്ചുതെരുവ് ജംഗ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 2,06,900 രൂപയുടെ ഭരണാനുമതി ലഭിച്ചു.

അപേക്ഷ ക്ഷണിച്ചു
കുളത്തുപ്പുഴ ചോഴിയക്കോട് ബോയ്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ്, കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറവുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകളില്‍ 70% പട്ടികവര്‍ഗ്ഗക്കാര്‍ക്കും 20% പട്ടികജാതിക്കാര്‍ക്കും 10% മറ്റു പൊതുവിഭാഗങ്ങള്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. പട്ടികജാതി/മറ്റ് പൊതു വിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍ സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ. റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്/കുളത്തുപ്പുഴ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് വെയിറ്റേജ് ലഭിക്കാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ പകര്‍പ്പുകള്‍ പ്രവേശന സമയത്ത് ഹാജരാക്കണം.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്സ്, ചെരിപ്പ്, എന്നിവയും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ 0475 2312020 നമ്പരില്‍ ലഭിക്കും.

ഹിയറിംഗ് മാറ്റി
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ബുധനാഴ്ച (ജൂലൈ ആറിന്) കലക്ടറേറ്റില്‍ നടത്താനിരുന്ന ഹിയറിങ്ങ് മാറ്റിവച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസിലേക്ക് 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 19 ന് രണ്ട് മണിവരെ സമര്‍പ്പിക്കാം. ഫോണ്‍- 04742793069.

വികസന സെമിനാര്‍
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 5,45,13,000 രൂപയുടെ പദ്ധതികളാണ് കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് അദ്ധ്യക്ഷയായി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. ശ്രീകുമാര്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ആശാദേവി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി. വി. സത്യന്‍, സ്ഥിരസമിതി അദ്ധ്യക്ഷരായ എ. ദസ്തക്കീര്‍,, സി. ശകുന്തള, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, പുതക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണി അമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഷിബു, ശ്രീലാല്‍ ചിറയത്ത്, സിനി അജയന്‍, നിര്‍മ്മല വര്‍ഗ്ഗീസ്, സനിത രാജീവ്, എന്‍.ശര്‍മ്മ, എസ്.ആശ, എസ്. ആര്‍ രോഹിണി,പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു, മറ്റ് ജനപ്രതിനിധികള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

Most Popular

- Advertisement -

Recent Comments