ചെയര്‍മാന്‍ സ്ഥാനം , സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ചിഹ്നം എന്നിവക്ക് വേണ്ടിയുള്ള പോരിനൊടുവില്‍ കേരളാ കോണ്‍ഗ്രസ് എം രണ്ടായി പിളരുന്നു. ഡിസംബര്‍ കഴിഞ്ഞാല്‍ പുതിയ സംഘടന രൂപീകരിക്കുമെന്ന് പി.ജെ ജോസഫ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജോസ് കെ മാണിയുമായി മുന്നണിയില്‍ ഒത്തുപോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ സംഘടന രൂപീകരിക്കാന്‍ ജോസഫ് പക്ഷം ഒരുങ്ങുന്നത്. ഡിസംബര്‍ കഴിഞ്ഞാല്‍ പ്രഖ്യാപനം ഉണ്ടാകും. എല്ലാ ജില്ലകളിലും സ്വന്തമായി പ്രസിഡന്റുമാരും സംഘടനാ സംവിധാനവും നിലവില്‍വരുമെന്നും പി.ജെ ജോസഫ് ആവര്‍ത്തിച്ചു.
അതേ സമയം, തന്റെ ലോക്‌സഭാ സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണിയാണെന്നും പി.ജെ ജോസഫ് തുറന്നടിച്ചു. ”രാജ്യസഭാ സീറ്റ് ജോസ്. കെ മാണിക്ക് നല്‍കിയപ്പോള്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയില്‍ ആ സമയത്ത് ആരുടെയും പേരില്ലായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സംസാരിക്കുമ്പോള്‍ മാണി സര്‍ എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. അന്ന് ആ യോഗത്തില്‍ തലയില്‍ കൈവെച്ച് പിതൃസ്ഥാനത്ത് നിന്ന് അനുഗ്രഹം തന്നിരുന്നു. പക്ഷെ പിന്നെ എങ്ങനെയോ അട്ടിമറിക്കപ്പെട്ടു.”
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് മാണി സർ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തയാളോട് പറഞ്ഞത്: ‘എനിക്ക് ഒരു സങ്കടമേയുള്ളൂ, ഔസേപ്പച്ചന്‍ ചോദിച്ച കോട്ടയം സീറ്റ് കൊടുക്കേണ്ടതായിരുന്നു.’