അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെന്നും കേരളത്തിന്റെ ചരിത്രം വായിച്ചാല്‍ അത് മനസിലാക്കാന്‍ പറ്റുമെന്നും അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി പറയുന്നു. ആളുകള്‍ക്കിടയില്‍ സ്പര്‍ധയും അകല്‍ച്ചയുമൊക്കെ കുറച്ചുകാലമായിട്ട് ചിലര്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹത്തില്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആളുകളെയൊക്കെ പിന്നാലെ കൂടി വെട്ടുകയോ കുത്തുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്ന കൂട്ടത്തിലല്ല നമ്മള്‍ ഉള്‍പ്പെടേണ്ടത്. കേരളത്തിന്റെ പൊതുസമൂഹത്തിന് മനസിലാകുന്ന ശൈലയില്‍ തന്നെ ജീവിക്കണമെന്നും നമ്മുടെ വേഷവും ചേലും കോലവുമൊക്കെ കേരളത്തിലുള്ള പൊതുസമൂഹത്തിന് സ്വീകാര്യമായിട്ടുള്ള രീതിയിലായിരിക്കണമെന്നും അബ്ദുല്‍ഹക്കീം ഫൈസി ആദൃശേരി പറയുന്നു.
അമ്പലങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ക്ഷണിച്ചാല്‍ തീര്‍ച്ചയായും അവിടെ പോകണമെന്നും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും അതൊരിക്കലും തെറ്റല്ലെന്നും അബ്ദുല്‍ഹക്കീം ഫൈസി ആദൃശേരി പ്രസംഗത്തില്‍ പറയുന്നുണ്ട്.
ഓണത്തിനും മറ്റും ഹൈന്ദവവീടുകളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നെന്നും അത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മുന്‍പും ഉണ്ടായിരുന്നുവെന്നും അത് നിലനിര്‍ത്തണമെന്നുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ പറയുന്നത്.
