വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയേയും ഒതുക്കാന്‍ ഒടുവില്‍ വികസന നായകനും ചുറുചുറുക്കുമുള്ള മേയര്‍ ബ്രോയെ രംഗത്തിറക്കി എല്‍ഡിഎഫ്. മേയര്‍ വി.കെ പ്രശാന്താവും വട്ടിയൂര്‍കാവ് പാളയത്തില്‍ അങ്കം ജയിക്കാന്‍ എല്‍ഡിഎഫ് ‘ചേകവന്‍’ ആയി ഇക്കുറി ഇറങ്ങുക. ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം . അനന്തപത്മനാഭന്റെ മണ്ണില്‍ സൗമ്യനായ മേയര്‍ എന്ന പരിവേഷം ഊരിവെച്ച് വിയര്‍പ്പൊഴുക്കുന്ന മേയര്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ വികെ പ്രശാന്തിനെ ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുക ആയിരുന്നു. നേരത്തെ ഭിന്നത ഉടലെടുത്തെങ്കിലും പിന്നീട് പ്രശാന്ത് മതിയെന്ന് സെക്രട്ടറിയേറ്റ് കൂടി തീരുമാനിക്കുകയായിരുന്നു. കെ.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പാര്‍ട്ടി ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിലപാടിനെ വെട്ടിയാണ് പകരം വികെപ്രശാന്തിനെ രംഗത്തിറക്കുന്നത്. വി.കെ. പ്രശാന്ത്, മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം.വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. എസ്. സുനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ആദ്യ അവസാനം മുന്‍പന്തിയില്‍ നിന്നിരുന്നത്.
