മരട് ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയം അവസാനിക്കുന്നില്ലെന്ന് സൂചന നല്‍കി ഫ്‌ളാറ്റ് സംരക്ഷണ സമിതി. പൊളിക്കുമ്പോള്‍ മരട് ഫ്‌ളാറ്റ് മാത്രം എന്തിന് എന്ന ചോദ്യമാണ് സംരക്ഷണ സമിതി ചോദിക്കുന്നത്. നടപടിയെടുക്കുമ്പോള്‍ തങ്ങള്‍ക്കെതിരെ മാത്രം പോരെന്നും മറ്റ് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും സുപ്രീം കോടതി നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഇവര്‍ അറിയിച്ചു.
ജനസംഖ്യ, പാരിസ്ഥിതിക സെന്‍സിറ്റിവിറ്റി, കടലില്‍ നിന്നുള്ള ദൂരം ഇവ ബന്ധപ്പെടുത്തിയുള്ളതാണ് തീരദേശ നിയമം. നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ ബാധകമാണ്. തീരദേശ നിയന്ത്രണം മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതേ നിയമം ലംഘിച്ച് നിര്‍മ്മിച്ചിട്ടുള്ള വേറെയും ഫ്‌ളാറ്റുകളും കെട്ടിടങ്ങളും കേരളത്തിലുണ്ടെന്ന് സംരക്ഷണ സമിതി അവകാശപ്പെടുന്നു. ഇവയുടെ വിശദ വിവരങ്ങള്‍ കാണിച്ച് ഹര്‍ജി സമര്‍പ്പിക്കുമെന്ന് സംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു. അങ്ങനെ എങ്കില്‍ കോടതിക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരും. ഇതുമാത്രമല്ല താല്‍ക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ലഭിക്കാതെ മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാട് സ്വീകരിച്ച് ഉടമകള്‍. കുടിവെള്ളവും വൈദ്യുതിയും ഉടന്‍ പുന:സ്ഥാപിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം, ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിയ്‌ക്കെതിരെ നഗരസഭ ഭരണസമിതി രംഗത്തെത്തി. ഫ്‌ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പൂര്‍ണ ചുമതല നിര്‍വഹിക്കുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സര്‍ക്കാരിന് കത്തയച്ചു.