ഉപതെരഞ്ഞെടുപ്പില്‍ അടിയൊഴുക്കിന് തടയിടാനാകാതെ ബിജെപി വീര്‍പ്പ് മുട്ടുന്നു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഒരു സംഘം പ്രവര്‍ത്തകര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്‍മകജെ പഞ്ചായത്തിലെ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെ.കുഞ്ഞണ്ണ നായക്ക്, കെ.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടമായി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോള്‍ മുതലാണ് പ്രശ്‌നത്തിന്റെ തുടക്കം. അപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമായിരുന്നു. തുടര്‍ന്ന് ബിജെപി ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
മാത്രമല്ല കുമ്പളം, മഞ്ചേശ്വരം പഞ്ചായത്ത് ബി.ജെ.പി കമ്മറ്റികള്‍ അന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ എതിര്‍ത്തു രംഗത്തും വന്നു. നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാറ്റം വരുത്തണമെന്നും ഇവര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ തീരുമാനിക്കുകയായിരുന്നു. ഇവിടുത്തെ ബിജെപി വോട്ടുകല്‍ ഭിന്നിക്കുമെന്ന ഭയമാണ് ബിജെപി ക്യാമ്പിനെ അലട്ടുന്നത്. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാളണിയിച്ചു സ്വീകരിച്ചു.






















