വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ എവിടെയും പതിയുന്ന മുഖം സിപിഎം രംഗത്തിറക്കിയ മേയര്‍ പ്രശാന്തിന്റേതാണെന്നതില്‍ സംശയമില്ല. എവിടെയും പോസറ്ററുകളില്‍ പ്രശാന്തിന്റെ മുഖം മാത്രമേ ഉള്ളൂ. എന്നാല്‍ വികസന നായകനായി രംഗത്തിറക്കിയ പ്രശാന്ത് കാര്യമായി ഒന്നും ചെയ്യാത്ത സ്ഥാനാര്‍ഥിയാണെന്ന് വെട്ടി തുറന്നു പറയുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
‘സ്ഥാനാര്‍ത്ഥി യുവാവ് മാത്രം ആയാല്‍ പോരെന്നും കഴിവും വേണമെന്നുമാണ് എന്നാണ് വി.കെ പ്രശാന്തിനെക്കുറിച്ച് ശശി തരൂരിന്റെ അഭിപ്രായം.
‘കഴിഞ്ഞ നാലുകൊല്ലമായി മേയര്‍ സ്ഥാനത്ത് പ്രശാന്ത് ഉണ്ട്. അദ്ദേഹത്തിന് തലസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ. അതിനുള്ള അവസരമോ സാവകാശമോ അദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയിട്ടുമില്ല. സമ്മതിദായകരോട് ചൂണ്ടിക്കാട്ടാന്‍ എന്ത് നേട്ടമാണ് പ്രശാന്തിനുള്ളതെന്ന് അദ്ദേഹം തന്നെ പറയണം ശശി തരൂര്‍ വിമര്‍ശിക്കുന്നു.
കൃത്യമായി മാലിന്യനിര്‍മാര്‍ജനം നടത്താത്തതിന്റെ പേരില്‍ പതിനാലരക്കോടി രൂപയാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് എത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് അത് മനസ്സിലാകും. കഴിഞ്ഞവര്‍ഷത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശാന്ത് ഇപ്പോഴും ചെയ്തുതീര്‍ത്തിട്ടില്ല. നേമത്തൊക്കെ ചെന്നു കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകാം ഇപ്പോഴും ആളുകള്‍ ടാര്‍പോളിന്‍ കെട്ടിയാണ് താമസിക്കുന്നത്. ഇതിനൊന്നും മേയര്‍ പരിഹാരം കണ്ടിട്ടില്ലെന്ന് എം.പി പറയുന്നു.
ജനങ്ങളുടെ ജീവിതസാഹചര്യത്തില്‍ എന്ത് മാറ്റം വരുത്താന്‍ സര്‍ക്കാരിന് ആയോ എന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കൂ. അങ്ങനെ നോക്കുമ്പോള്‍ വീണ്ടും എന്തിനാണ് അവര്‍ക്കു വേണ്ടി ഒരു എം.എല്‍.എയെക്കൂടി നല്‍കുന്നത് എന്നതാണ് ചോദ്യം. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാര്‍ ഒരഞ്ചു നിമിഷം നിര്‍ത്തി ചിന്തിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന് തന്നെ വോട്ട് ചെയ്യും ഉറപ്പ് ശശി തരൂര്‍ അവസാനിപ്പിക്കുന്നു.