ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് രാജ്യത്തിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഞെട്ടലോടെയാണ് രാജ്യം ഇന്നും ആ ദിവസത്തെ ഓര്‍ക്കുന്നത്. ”എന്റെ ഓരോ തുള്ളി രക്തവും മഹത്തായ ഈ രാഷ്ട്രത്തിനുവേണ്ടി ചൊരിയുവാന്‍ ഞാന്‍ തയ്യാറാണ്. നാളെ ഞാന്‍ മരിച്ചേക്കാം. എന്നാലും എന്റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്..” മരണം എത്തുന്നതിന് തൊട്ട് മുമ്പ് ഇന്ദിര പറഞ്ഞ വാക്കുകളാണിവ. രാജ്യം ചെവി കൊണ്ട വാക്കുകള്‍.
1984 ഒക്ടോബര്‍ 31 ഇന്നും ലോകം മനുഷ്യ മനസ്സാക്ഷിയുടെ പുസ്തക താളുകളില്‍ കുറിച്ചിട്ട ദിവസം. രാജ്യത്തെ ഞട്ടിച്ച് ഇന്ത്യയുടെ ഉരുക്ക് വനിത തന്റെ അംഗരക്ഷകരുടെ വെടിയേറ്റ് വീണു. പിന്നീട് പൊതുദര്‍ശന ചടങ്ങുകള്‍ക്കായി നാല് ദിവസം. ഒടുവില്‍ നവംബര്‍ നാലാം തീയതി സൂര്യാസ്തമനത്തോടെ ആ ശരീരം പ്രപഞ്ചത്തില്‍ വിലയം പ്രാപിച്ചു. നവ ഭാരതത്തിന്റെ അമ്മയായും നൂറ്റാണ്ടിന്റെ വനിതയായും ഇന്ദിരാഗാന്ധി ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു.