31 C
Kollam
Thursday, April 25, 2024
HomeRegionalCulturalടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ

ടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ

കഥ
ടൂറിസ്റ്റ് ഗൈഡ്
മസീന മാധവന്‍

കുതിരവണ്ടിക്കാരനായ തങ്കപ്പന്‍റെ വീട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ് അനന്തിരവനായ പത്തുവയസ്സുകാരന്‍ ഉണ്ണി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തുരുത്തിലാണ് തങ്കപ്പന്‍റെ വീട്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അയാളുടെ മകള്‍ക്ക് എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കാനാണ് താല്പര്യം. കൂടെ കളിക്കാന്‍ ആരുമില്ലാതായപ്പോള്‍ നാട്ടിന്‍പുറത്തുകാരനായ ഉണ്ണി തുരുത്തിലെ കാഴ്ചകള്‍ കാണാനിറങ്ങി. കായലും കടലും കണ്ടല്‍ക്കാടുകളും കണ്ടു രസിക്കലായി പിന്നെ അവന്‍റെ ദിവസേനയുള്ള പണി.
തങ്കപ്പന്‍റെ വീടിനടുത്ത് കടലിനഭിമുഖമായി നില്‍ക്കുന്ന ബംഗ്ലാവിലാണ് ആംഗ്ലോ ഇന്ത്യക്കാരിയായ നിമ്മിഫെര്‍ണാണ്ടസിന്‍റെ താമസം. ഫ്രോക്ക് ധരിച്ച് മുടി ബോബ് ചെയ്ത് പോമറേനിയന്‍ പട്ടിയുമായി നടപ്പാതയിലൂടെ കുണുങ്ങി നടക്കുന്ന നിമ്മിമുത്തശ്ശിയെ നോക്കിയിരിക്കാന്‍ ഉണ്ണിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ നിമ്മിമുത്തശ്ശിക്ക് ഉണ്ണിയെ കാണുന്നതേ ഇഷ്ടമല്ല. നാട്ടിന്‍പുറത്തുകാരന്‍റേതായ പോരായ്മകളാണ് അവര്‍ അവനില്‍ കാണുന്നത്. അതുകൊണ്ടുതന്നെ നിമ്മിമുത്തശ്ശിയുടെ ബംഗ്ലാവിന്‍റെ പരിസരത്തൊന്നും ഉണ്ണി പോകാറേയില്ല.
ഇംഗ്ലണ്ടില്‍ താമസമാക്കിയിരുന്ന നിമ്മിയുടെ കൗമാരക്കാരനായ മകനെ ഒരുനാള്‍ കാണാതായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മകന്‍ തിരിച്ചുവരാത്ത കാരണം നിമ്മിയും ഭര്‍ത്താവും ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഭര്‍ത്താവിന്‍റെ മരണശേഷം ഒറ്റയ്ക്കായ നിമ്മി ഒരു ജോലിക്കാരിയുമൊത്താണ് ബംഗ്ലാവില്‍ താമസം.

നിമ്മിയുടെ മകന്‍റെ കളിക്കൂട്ടുകാരനും അകന്ന ബന്ധുവുമായ ഡേവിസ് ഭാര്യയും മകളുമൊത്ത് കുറച്ചുദിവസം നിമ്മിയ്ക്കൊപ്പം താമസിക്കാനായി ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലെത്തി. ഡേവിസ് നിമ്മിയ്ക്ക് സ്വന്തം മകനെപ്പോലെയാണ്. ഡേവിസിനും സ്വന്തം അമ്മയെപ്പോലെയാണ് നിമ്മി.
ഒരു ദിവസം ഡേവിസ് പ്രകൃതിദൃശ്യങ്ങള്‍ കാണാനും അതു പകര്‍ത്താനും തന്‍റെ ക്യാമറയുമായി പുറത്തിറങ്ങിയപ്പോഴാണ് ഉണ്ണി അയാളെ കണ്ടത്. ബനിയനും മുട്ടൊപ്പം നീളമുള്ള നിക്കറും ധരിച്ച് തലയില്‍ തൊപ്പിയും വച്ച് കഴുത്തില്‍ ക്യാമറയും തൂക്കി നടക്കുന്ന നീണ്ടു മെലിഞ്ഞ ഡേവിസിനെ ഉണ്ണി കൗതുകത്തോടെ നോക്കി. അയാള്‍ നടന്നുപോയ വഴിയേ അവനും നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ണി പോയ ഇടങ്ങളിലെല്ലാം ചെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഉണ്ണിക്ക് അയാളെയൊന്നു പരിചയപ്പെട്ടാല്‍ കൊള്ളാമെന്നു തോന്നി. പക്ഷേ മട്ടും ഭാവവും കണ്ടിട്ട് ഒരു സായിപ്പിനെപോലിരിക്കുന്ന ആള്‍ മലയാളം സംസാരിക്കുമോ എന്നവന്‍ സംശയിച്ചു. എങ്കിലും അയാള്‍ക്കു പിറകേ അവന്‍ നടന്നു. കായല്‍ത്തീരത്തെ ബോട്ടുജട്ടിയില്‍ ചെന്ന അയാള്‍ അവിടെ നിന്ന വൃദ്ധനോടു ചോദിച്ചു:
‘അക്കരയ്ക്കു പോകാന്‍ ബോട്ടിനി എപ്പോഴാ ഉള്ളത്?’
അയാള്‍ മലയാളം സംസാരിക്കുന്നതു കേട്ടപ്പോള്‍ ഉണ്ണിയ്ക്ക് ആവേശമായി. അയാള്‍ക്ക് പിന്നില്‍ നിന്ന ഉണ്ണിയാണ് അതിനുത്തരം പറഞ്ഞത്.
‘ഇപ്പോ ഒരെണ്ണം പോയതു കണ്ടില്ലേ. ഇനി അരമണിക്കൂര്‍ കഴിയും അടുത്ത ബോട്ടു വരാന്‍.’
അയാള്‍ക്കു മുന്നില്‍ ചെന്ന് അയാളെ നോക്കി ഉണ്ണി ചോദിച്ചു:
‘അക്കരെ ആരെക്കാണാന്‍ പോകുവാ?’
അയാള്‍ അവനെ നോക്കി പുഞ്ചിരിതൂകി. എന്നിട്ടു പറഞ്ഞു:
‘ആരേയും കാണാനല്ല. കാഴ്ചകള്‍ കാണാനാ. എന്താ വരുന്നോ എന്‍റെകൂടെ?’
‘കാഴ്ചകള്‍ ഇവിടെത്തന്നെ ധാരാളമുണ്ടല്ലോ. തുരുത്തും കായലും കണ്ടല്‍ക്കാടുകളും കടലും പള്ളികളുമൊക്കെ. അതൊക്കെ കണ്ടുകഴിഞ്ഞതാണോ?. ഇല്ലെങ്കീ വാ ഞാന്‍ കാട്ടിത്തരാം.’
അവന്‍റെ മറുപടി അയാല്‍ക്കു രസിച്ചു. അയാള്‍ ചിന്തിച്ചു,ഇവനാളു കൊള്ളാമല്ലോ.
ഉണ്ണി ഡേവിസിന്‍റെ മറുപടിക്കു കാത്തുനില്‍ക്കാതെ മുന്നോട്ട് നടക്കാന്‍ തുടങ്ങി. അവനു പിന്നാലെ അയാളും നടന്നു. തിരിഞ്ഞുനോക്കി അവന്‍ അയാളോട് ചോദിച്ചു:
‘ആദ്യമായിട്ടാണോ ഇവിടെ വരുന്നത്?’
‘അല്ല. ലണ്ടനില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം ഞാനിവിടെ എത്താറുണ്ട്. എങ്കിലും ഈ കാഴ്ചകളൊന്നും കാണാനുള്ള അവസരം കിട്ടിയിട്ടില്ല. നിമ്മിയാന്‍റി ഞങ്ങളെ ഗോവയിലും മൈസൂറുമൊക്കെയാണ് കൊണ്ടുപോയിരുന്നത്. അവിടെയും കാഴ്ചകളേറെയുണ്ട്. ഇപ്രാവശ്യം തേക്കടിയും മൂന്നാറും കാണണമെന്നാഗ്രഹിച്ചാണ് വന്നത്. പക്ഷേ നിമ്മിയാന്‍റിക്ക് നല്ല സുഖമില്ലാത്തകാരണം യാത്രമുടങ്ങി.
അങ്ങനെ കാഴ്ചകള്‍ കണ്ടും കണ്ട കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തിയും അവര്‍ നടന്നു. നടക്കുന്നതിനിടയില്‍ ഡേവിസ് ഉണ്ണിയോടു ചോദിച്ചു:
‘ഉണ്ണിയ്ക്ക് ഫോട്ടോ എടുക്കാന്‍ ഇഷ്ടമാണോ?’
‘എനിക്ക് പ്രകൃതി ദൃശ്യങ്ങള്‍ വരയ്ക്കാനാ ഇഷ്ടം. സ്ക്കൂളില്‍ ഡ്രോയിംഗ് മത്സരത്തില്‍ പങ്കെടുത്ത് ഒരുപാട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്.’
അവന്‍റെ മറുപടി അയാളെ ഒരുപാട് സന്തോഷിപ്പിച്ചു. അയാള്‍ പറഞ്ഞു:
‘അപ്പോ നീ ആള് ചില്ലറക്കാരനല്ല. നിന്നെയെനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു ഗൈഡായി നിന്നെയെനിക്ക് കിട്ടിയത് എന്‍റെ ഭാഗ്യം.

പിറ്റേന്ന് കടലിനോട് ചേര്‍ന്നു കിടക്കുന്ന മലയും അതിനപ്പുറമുള്ള കോട്ടയും കാട്ടിക്കൊടുക്കാമെന്ന് ഡേവിസിന് വാക്കു കൊടുത്തശേഷമാണ് അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞത്.
പിറ്റേന്ന് വെളുപ്പിന് അമ്മാവന്‍റെ അനുവാദത്തോടെ ഉണ്ണി,ഡേവിസിന് കാഴ്ചകള്‍ കാട്ടിക്കൊടുക്കാനായി,വീട്ടില്‍നിന്നും പുറപ്പെട്ടു. നിമ്മിമുത്തശ്ശിയുടെ കാറില്‍ക്കയറി യാത്ര ചെയ്യാനുള്ള അടങ്ങാത്ത മോഹവുമായാണ് അവന്‍ പോയത്. ഫോര്‍ഡിന്‍റെ പഴേ പതിപ്പിലുള്ള ഒരു ചുവന്ന കാറായിരുന്നു അത്. അത്തരം ഒരെണ്ണം അവന്‍ കാണുന്നതുതന്നെ ആദ്യമായിട്ടാണ്. അതില്‍ക്കയറി യാത്രചെയ്യാനുള്ള അവസരമാണ് കിട്ടിയിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ അവന്‍ നിമ്മിമുത്തശ്ശിയുടെ വീടിനു മുന്നില്‍ ചെന്നു.
ഗേറ്റിന്‍റെ ഗ്രില്ലിലൂടെ അവന്‍ അകത്തേയ്ക്കു നോക്കി. ആ ചുവന്ന കാര്‍ അവിടെ കാണുന്നില്ല. അവനാകെ നിരാശ തോന്നി.

‘അയാളെന്നെ പറ്റിയ്ക്കുകയായിരുന്നോ. കാറുമെടുത്ത് അയാള്‍ ഒറ്റയ്ക്ക് പോയിക്കാണും മലയാളിയാണേലും ജനിച്ചതും വളര്‍ന്നതുമൊക്കെ ലണ്ടനിലല്ലേ. ആ നാട്ടിലുള്ളവര്‍ ഇങ്ങനെയായിരിക്കും. കുട്ടിയായ എന്നെ പറ്റിക്കാന്‍ അയാള്‍ക്കെങ്ങനെ മനസ്സുവന്നു. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതുപോലും വെറുതെയായിരുന്നു. ഏതായാലും ഇവിടെവരെ വന്നതല്ലേ. ഗേറ്റ് പൂട്ടീട്ടുമില്ല. ആരെങ്കിലും അകത്തുകാണാതിരിക്കില്ല. ഒന്നു മുട്ടിനോക്കാം’ അവന്‍ ചിന്തിച്ചു.
അവന്‍ ഗേറ്റില്‍ മുട്ടി ശബ്ദമുണ്ടാക്കി. ഒരു മധ്യവയസ്ക അകത്തുനിന്നും പുറത്തേയ്ക്കു വന്നു. പിറകേ എട്ടു വയസ്സുതോന്നിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയും.
‘ആരാ, എന്തുവേണം?’ മധ്യവയസ്ക ചോദിച്ചു.
‘ഞാന്‍ ഉണ്ണി. ഡേവിസ്മാമനെ കാണാനായി വന്നതാ. എന്നോട് രാവിലെ ഇവിടെ വരാന്‍ പറഞ്ഞിരുന്നു.’
‘ഡേവിസ് ഇവിടില്ല. ഇവിടത്തെ നിമ്മിയാന്‍റിക്ക് സുഖമില്ലാതെ ഹോസ്പിറ്റലില്‍ കൊണ്ടുപോയിരിക്കയാ. എപ്പോ വരുമെന്ന് പറയാന്‍ പറ്റില്ല.’ മധ്യവയസ്ക്ക പറഞ്ഞു.
ഗേറ്റിനു മുന്നില്‍ നിരാശനായി നിന്ന അവന്‍റെ അടുത്തേയ്ക്ക് ആ പെണ്‍കുട്ടി ഓടി വന്നു. മധ്യവയസ്ക വിലക്കിയിട്ടും അവള്‍ അവനോട് കുശലം ചോദിച്ചു. തലേനാള്‍ അവളുടെ ഡാഡി പറഞ്ഞ ഉണ്ണിയാണതെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവന്‍ അവളോട് പേര് ചോദിച്ചു. ഫ്രിഡി എന്നവള്‍ മറുപടിയും പറഞ്ഞു.
ഉണ്ണിക്ക് ഫ്രിഡിയുടെ ഇംഗ്ലീഷ് കലര്‍ന്ന മലയാളം വളരെ ഇഷ്ടപ്പെട്ടു. ആശയങ്ങള്‍ കൈമാറാന്‍ ഭാഷയൊരു പ്രശ്നമല്ലന്ന് അവനു മനസ്സിലായി.

കടലിനോടു ചേര്‍ന്ന മലയും കോട്ടയുമൊക്കെ തന്‍റെ ഡാഡിക്ക് കാട്ടിക്കൊടുക്കാമെന്ന്ഏറ്റ ഉണ്ണിയോടവള്‍ ചോദിച്ചു:
‘എനിക്കും കാട്ടിത്തരില്ലേ മലയും കോട്ടയുമൊക്കെ?’
‘കാട്ടിത്തരാല്ലോ. ഇവിടന്നല്‍പ്പം ദൂരെയാ. കുറച്ചു നടക്കേണ്ടിവരും.’ ഒന്നോര്‍ത്തിട്ട് അവന്‍ പറഞ്ഞു:
‘പെട്ടെന്നു വന്നാല്‍ അമ്മാവന്‍റെ ഒപ്പം കുതിരവണ്ടിയില്‍ കയറി നമുക്ക് ബീച്ചിനടുത്തിറങ്ങാം’
ഉടനേ എത്താമെന്ന് മധ്യവയസ്കയോട് പറഞ്ഞിട്ട് ഫ്രിഡി ഉണ്ണിയ്ക്കൊപ്പം പുറപ്പെട്ടു. കുതിരവണ്ടിയിലെ യാത്ര ഫ്രിഡിക്ക് പുതിയ അനുഭവമായിരുന്നു. അവളാ യാത്ര നന്നായി ആസ്വദിച്ചു. കടലിനോട് ചേര്‍ന്നുകിടക്കുന്ന മല അതിശയത്തോടെയാണ് ഫ്രിഡി നോക്കി നിന്നത്. ഡാഡിയ്ക്കൊപ്പം പല രാജ്യങ്ങളും ഫ്രിഡി സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെങ്ങും കാണാത്ത കാഴ്ച. കൗതുകത്തോടെ അവള്‍ ഓരോ കാഴ്ചയും നോക്കി. ബലിതര്‍പ്പണത്തിനായി കടല്‍ക്കരയിലെത്തിയ ആള്‍ക്കാരേയും അവര്‍ ചെയ്യുന്ന പൂജകളും നോക്കി അവള്‍ ഒന്നും മനസ്സിലാവാതെ നിന്നു. മരിച്ചുപോയവര്‍ക്കായി ചെയ്യുന്ന പൂജയാണ്അതെന്ന് ഉണ്ണി അവളെ പറഞ്ഞു മനസ്സിലാക്കി.
ബീച്ചില്‍ കണ്ട വിദേശികളെ നോക്കി,ഇവരെന്തിനാ ഇവിടെ വന്നത്,എന്ന ചോദ്യ ഭാവത്തോടെ ഫ്രിഡി നോക്കി നിന്നപ്പോള്‍ ഉണ്ണി പറഞ്ഞു: ‘നമ്മുടെ നാട്ടിലെ പ്രകൃതിഭംഗി ആസ്വദിക്കാനും,നമ്മുടെ ഭക്ഷണം രുചിക്കാനും വെയിലുകൊള്ളാനുമൊക്കെയാണ് അവര്‍ വന്നിരിക്കുന്നത്.

കടല്‍ത്തീരത്ത് കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന കടയുടെ മുന്നില്‍ ഭംഗിയുള്ള ഓരോ സാധനങ്ങളും നോക്കി അവര്‍ നിന്നു. ഒരു മണ്‍കുടുക്ക ചൂണ്ടി ഫ്രിഡി ഉണ്ണിയോടു ചോദിച്ചു:
‘അതെന്താ? എനിയ്ക്കത് ഒത്തിരി ഇഷ്ടപ്പെട്ടു. എന്താ അതിന്‍റെ ഉപയോഗം?’
‘അതാണ് കുടുക്ക. നാണയത്തുട്ടുകള്‍ ശേഖരിച്ചു വയ്ക്കാനുള്ളതാ. കുട്ടിയായിരുന്നപ്പോള്‍ പലപ്പോഴായി കയ്യില്‍ കിട്ടിയിരുന്ന പോക്കറ്റ്മണിയെല്ലാം ഞാന്‍ ഇതുപോലുള്ള കുടുക്കയില്‍ നിക്ഷേപിച്ചു വയ്ക്കാറുണ്ടായിരുന്നു. ഉത്സവകാലത്ത് ആ കുടുക്ക പൊട്ടിക്കും. അതില്‍ കുറേ പൈസയുണ്ടാവും. ആ പൈസകൊണ്ടാ ഞാന്‍ എനിയ്ക്കിഷ്ടപ്പെട്ട സാധനങ്ങളൊക്കെ ഉത്സവപ്പറമ്പീന്ന് വാങ്ങിയിരുന്നത്. ഫ്രിഡിക്ക് അതിന്‍റെ ആവശ്യമൊന്നുമില്ലല്ലോ. എങ്കിലും പല രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഫ്രിഡിക്ക് ആ രാജ്യങ്ങളുടെ നാണയങ്ങള്‍ ശേഖരിച്ച് ഈ കുടുക്കയില്‍ സൂക്ഷിച്ചു വയ്ക്കാം.’ ഉണ്ണി പറഞ്ഞു.
‘ശരിയാണല്ലോ. എനിക്ക് ഒരെണ്ണം വാങ്ങണമെന്നുണ്ട്. പക്ഷേ വാങ്ങാന്‍ പൈസയില്ലല്ലോ.’ അവള്‍ നിരാശപ്പെട്ടു. കയ്യില്‍ പൈസയില്ലാതെ ഉണ്ണിയും നിസ്സഹായനായി.
കടല്‍ക്കരയില്‍ നിന്നും കക്കയും ശംഖും പെറുക്കിയെടുത്ത് ഉടുപ്പിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ച് അവര്‍ കോട്ട കാണാന്‍ പോയി.

കോട്ടയുടെ ഉള്ളില്‍ കയറാന്‍ കോട്ടയുടെ കാവല്‍ക്കാരന്‍ അവരെ അനുവദിച്ചില്ല. ദൂരെ നിന്നു കാണാനേ അവര്‍ക്കു കഴിഞ്ഞുള്ളു.
എന്താണ് ഈ കോട്ടയുടെ പ്രത്യേകത? ആരാ ഈ കോട്ട പണിതത്? എന്തിനാ ഉണ്ടാക്കിയത്? എന്നൊക്കെയുള്ള ഫ്രിഡിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉണ്ണിയ്ക്കായില്ല. കോട്ടയുടെ മുന്നില്‍ നിലയുറപ്പിച്ചിരുന്ന കോട്ടസൂക്ഷിപ്പുകാരനില്‍ നിന്നും അതിനുള്ള ഉത്തരം കിട്ടി. അയാള്‍ പറഞ്ഞു:
‘ഈ കോട്ട നാനൂറ് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലുള്ള ഈസ്റ്റിന്ത്യ കമ്പനിക്കാര്‍ വ്യാപാരം നടത്താനായി ഇന്ത്യയില്‍ വന്നപ്പോള്‍ പണിതതാണ്. റീജന്‍റ് റാണിയുടെ അനുവാദത്തോടെയാണ് അത് പണിതതും. കേരളത്തിലെ ആദ്യത്തെ ലൈറ്റ്ഹൗസും ഈ കോട്ടയിലാണ് സ്ഥാപിച്ചിരുന്നത്. പിന്നെ ഇരുനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലീഷുകാര്‍ മൈസൂര്‍ രാജാവുമായി യുദ്ധമുണ്ടായപ്പോള്‍ പട്ടാളക്കാരേയും വെടിക്കോപ്പുകളും ഒളിപ്പിച്ചുവച്ചിരുന്നത് ഈ കോട്ടയിലായിരുന്നു.’
ഒന്നു നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു:
‘നേരത്തേ പറഞ്ഞതൊക്കെ കോട്ടയുടെ ചരിത്രം. ഇന്നാ പ്രൗഡിയൊന്നുമില്ല. കോട്ടയുടെ പേരും ഈ സ്ഥലത്തിന്‍റെ പേരും ഒന്നായതുകൊണ്ട് ആള്‍ക്കാരുടെ നാവിന്‍തുമ്പില്‍ കോട്ടയുടെ പേര് എപ്പോഴുമുണ്ട്.’
അയാള്‍ പറഞ്ഞതില്‍ കുറേ കാര്യങ്ങള്‍ ഉണ്ണിക്ക് മനസ്സിലായി. ഫ്രിഡിക്ക് ഒന്നുംതന്നെ മനസ്സിലായില്ല. തൊട്ടടുത്തുള്ള കായലും ബീച്ചും കണ്ടശേഷം അവര്‍ വീട്ടിലേയ്ക്കു മടങ്ങി.
യാത്രാമധ്യേ ഉണ്ണി ഫ്രിഡിയോടു ചോദിച്ചു:
‘എന്‍റെകൂടെ കാഴ്ച കാണാന്‍ വന്നതിന് ഫ്രിഡിയുടെ മമ്മിയും ഡാഡിയും വഴക്കു പറയുമോ?’
അവള്‍ പറഞ്ഞു:
‘ഡാഡി വഴക്കുപറയില്ല. കാരണം ഡാഡിക്ക് ഉണ്ണിയെ വളരെ ഇഷ്ടമാണ്. ഇന്നലെ രാത്രി മുഴുവന്‍ ഡാഡി ഉണ്ണിയെക്കുറിച്ചാ എന്നോട് പറഞ്ഞത്. അതുകൊണ്ടല്ലേ ഉണ്ണിയ്ക്കൊപ്പം ഞാന്‍ വന്നത്. പക്ഷേ…മമ്മി..’
‘മമ്മി പറഞ്ഞില്ലേലും നിമ്മിമുത്തശ്ശി ഉറപ്പായിട്ടും വഴക്കു പറയും.’ ഇടയ്ക്കു കയറി ഉണ്ണി പറഞ്ഞു.
അവര്‍ നടന്ന് വീടിന്‍റെ ഗേറ്റിനു മുന്നിലെത്തി. അവിടെ കലിതുള്ളി നില്‍ക്കുന്ന ഫ്രിഡിയുടെ മമ്മിയെയാണ് അവര്‍ കണ്ടത്. ഉണ്ണിയുടെ മുന്നില്‍ വച്ചുതന്നെ അവര്‍ ഫ്രിഡിയെ പൊതിരെ തല്ലി. കരഞ്ഞുകൊണ്ടവള്‍ വീടിനുള്ളിലേയ്ക്ക് കയറിപ്പോയി. ഗേറ്റിനു മുന്നില്‍നിന്ന ഉണ്ണിയെ അവര്‍ കുറേ ശകാരിച്ചു. ഉണ്ണിക്കാകെ വിഷമമായി. അവനൊരു കരച്ചിലിന്‍റെ വക്കത്തെത്തി. വീടിനകത്തുനിന്നും ഇറങ്ങി വന്ന ഡേവിസ് ഉണ്ണിയെ സമാധാനിപ്പിച്ച് യാത്രയാക്കി.
കുറച്ചു ദിവസം ഉണ്ണിയെ വീടിന്‍റെ പരിസരത്തൊന്നും കാണാതായപ്പോള്‍ ഫ്രിഡിക്ക് വിഷമമായി. ഒരു ദിവസം അവള്‍ ഉണ്ണിയെ കാണാനായി തങ്കച്ചന്‍റെ വീട്ടിലെത്തി. എന്താ ആ വഴിയെന്നും വരാതിരുന്നത് എന്ന ഫ്രിഡിയുടെ ചോദ്യത്തിന് പനികാരണം പുറത്തിറങ്ങാന്‍ പറ്റിയില്ല എന്ന ഉണ്ണിയുടെ മറുപടി അവള്‍ വിശ്വസിച്ചില്ല.
ഒരു കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു:
‘എനിക്കറിയാം. എന്നോട് പിണങ്ങിയിട്ടല്ലേ. പിണക്കം മാറ്റാന്‍ ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്’
ഫ്രിഡി അവളുടെ കൈയിലിരുന്ന സമ്മാനപ്പൊതി അവനുനേരെ വച്ചുനീട്ടി. സന്തോഷത്തോടെ അവനതു വാങ്ങി തുറന്നുനോക്കി. പന്ത്രണ്ടു നിറങ്ങള്‍ ഉള്‍പ്പെടുന്ന ചായപെന്‍സിലുകളായിരുന്നു അതിനുള്ളില്‍. വിദേശത്തുനിന്നും കൊണ്ടുവന്ന അത്തരം പെന്‍സിലുകള്‍ അവന്‍ അതിനുമുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. സന്തോഷംകൊണ്ട് അവന്‍റെ മുഖം വിടരുന്നതു നോക്കിനിന്ന അവള്‍ പറഞ്ഞു:
‘ഡാഡി പറഞ്ഞു ഉണ്ണി നന്നായി പടം വരയ്ക്കുമെന്ന്. സമ്മാനം ഇഷ്ടമായല്ലോ. എനിക്ക് സന്തോഷമായി. ഇനിയും ഒരുപാട് വരയ്ക്കണം. പിന്നെ രണ്ടുദിവസം കഴിഞ്ഞ് ഞങ്ങള്‍ ലണ്ടനിലേക്ക് തിരിച്ചുപോകും. അതുകൂടി പറയാനാ ഞാന്‍ വന്നത്. ഇനി ഞാന്‍ പോകട്ടെ. മമ്മി ബാത്ത്റൂമില്‍ കയറിയ നേരത്താ ഞാനിങ്ങോട്ട് വന്നത്.’
ഉണ്ണി അവള്‍ക്ക് നന്ദി പറഞ്ഞു. അവള്‍ അവന് കൈവീശി യാത്ര പറഞ്ഞ് വീട്ടിലേക്ക് ഓടിപ്പോയി.
സമ്മാനവുമായി വീടിനകത്തേയ്ക്കു കയറിയ ഉണ്ണി ചിന്തിച്ചു; ഫ്രിഡിക്ക് എന്തു സമ്മാനം കൊടുക്കും?. എന്തായിരിക്കും അവളുടെ ഇഷ്ട സമ്മാനം?. അപ്പോഴാണ് അവന്‍ കുടുക്കയുടെ കാര്യം ഓര്‍ത്തത്. പക്ഷേ അതെങ്ങനെ വാങ്ങിക്കൊടുക്കും. കയ്യില്‍ പൈസയില്ലല്ലോ. അമ്മാവനോടു പറഞ്ഞാല്‍ വാങ്ങിത്തരാതിരിക്കില്ല. ഒന്നു പറഞ്ഞുനോക്കാം.

പിറ്റേന്നു തന്നെ അമ്മാവന്‍ ഉണ്ണിക്ക് കുടുക്ക വാങ്ങി നല്‍കി. കുടുക്കയും വാങ്ങി നടന്നുവരുമ്പോള്‍ ഉണ്ണിയോട് തങ്കപ്പന്‍ പറഞ്ഞു.
‘പണ്ട് ഞാനും നിന്‍റെ അമ്മയുംകൂടി കുടുക്ക വാങ്ങിയിട്ട് ഒരു മത്സരബുദ്ധിയോടെയാകുടുക്ക നിറയ്ക്കുന്നത്. ആരുടെ കുടുക്കയാ ആദ്യം നിറയുക. അതാണ് മത്സരം. മിക്കവാറും നിന്‍റെ അമ്മ തന്നെയാവും വിജയിക്കുക.’
‘കുടുക്ക നിറക്കാന്‍ പൈസ എവിടന്നു കിട്ടും?’ ഉണ്ണി ചോദിച്ചു.
‘അന്ന് പോക്കറ്റ്മണി തരാന്‍ നമുക്കാരുമുണ്ടായിരുന്നില്ല. പിന്നെ,നാട്ടിന്‍പുറമല്ലേ..അവധിദിവസങ്ങളില്‍ ഞങ്ങള്‍ രാവിലെ പറമ്പിലേക്കിറങ്ങും. കശുവണ്ടി സീസനാണെങ്കില്‍ കയറിയിറങ്ങി കശുവണ്ടി പെറുക്കും. കിട്ടുന്നത് ചിലപ്പോ പത്തോ ഇരുപതോ എണ്ണമാവും. അത് കടയില്‍ കൊണ്ടുപോയി വില്‍ക്കും. കിട്ടുന്ന പൈസ കുടുക്കയിലിടും. വേനല്‍ക്കാലത്ത് റബ്ബറിന്‍റെ കായ പൊട്ടിത്തെറിച്ച് പറമ്പ് നിറയെ റബ്ബര്‍കുരുവായിരിക്കും. അതും പെറുക്കി വില്‍ക്കും. അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് കുടുക്ക നിറയും. അപ്പോഴേക്കും കാവിലെ ഉത്സവം തുടങ്ങും. കുടുക്ക പൊട്ടിച്ചുകിട്ടുന്ന പണവുംകൊണ്ട് ഞാന്‍ പോകുന്നത് അമ്പലപറമ്പിലേക്കാണ്. അവിടെ ഉത്സവക്കച്ചവടത്തിനായി ധാരാളംപേര്‍ സാധനങ്ങളുമായി എത്തും. സകലമാന സാധനങ്ങളും അവിടെ വാങ്ങാന്‍ കിട്ടും. ഞാന്‍ പക്ഷേ ഒന്നും വാങ്ങാന്‍ പോകില്ല.’
അതെന്താ വാങ്ങാന്‍ പോകാത്തത് എന്ന ചോദ്യഭാവവുമായി ഉണ്ണി തങ്കപ്പനെ നോക്കി. തങ്കപ്പന്‍ പറഞ്ഞു:
‘അവിടെ കുലുക്കിക്കുത്ത് എന്നൊരു കളിയുമായി ഒരു കൂട്ടരെത്തും. ഒരുതരം ചൂതുകളിയാ. ഒന്നുവച്ചാല്‍ രണ്ടു കിട്ടും, രണ്ടുവച്ചാല്‍ നാലു കിട്ടും എന്നുപറഞ്ഞാڈഅവര്‍ കളിക്കാരെ ആകര്‍ഷിക്കുന്നത്. കളികഴിയുമ്പോ ചിലപ്പോള്‍ വച്ച കാശിന്‍റെ ഇരട്ടിയും അതിലിരട്ടിയും കിട്ടിയെന്നുവരും. ചിലപ്പോ കയ്യിലുള്ളതു മുഴുവന്‍ പോയെന്നുമിരിക്കും. എന്നാലും ആ കളി എനിയ്ക്കൊരാവേശമായിരുന്നു. പക്ഷേ നിന്‍റെ അമ്മ ഒരു പൈസപോലും കളയില്ല. കരിമഷിയും ചാന്തും കുപ്പിവളയും മാലയും വാങ്ങിയാവുംഅവള്‍ വീട്ടിലെത്തുക. ങാ.. അതൊരു കാലം.’
പഴേ കഥകളോരോന്നും പറഞ്ഞ് വീട്ടിലെത്തിയപ്പോള്‍ നേരം സന്ധ്യയായി.
‘നേരം സന്ധ്യയായല്ലോ അമ്മാവാ. സമ്മാനം നാളെ കൊടുത്താല്‍ മതിയോ?. ഉണ്ണി ചോദിച്ചു.
‘അതു മതി. സന്ധ്യാനേരത്ത് നിന്നെ ബംഗ്ലാവിനു മുന്നില്‍ കണ്ടാല്‍ ആ കിഴവിക്ക് ഹാലിളകും.’
രാത്രി തങ്കപ്പനില്‍ നിന്നും ഇന്ത്യന്‍ നാണയങ്ങള്‍ ശേഖരിച്ച് ഉണ്ണി ആ കുടുക്കയില്‍ നിക്ഷേപിച്ചു. അത് ഫ്രിഡിയെ ഏറെ സന്തോഷിപ്പിക്കുമെന്ന് അവനുറപ്പുണ്ടായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും ഫ്രിഡിക്ക് കുടുക്ക സമ്മാനിക്കുന്നതിനെക്കുറിച്ചായിരുന്നു ഉണ്ണിയുടെ ചിന്ത.

നേരം വെളുക്കുമ്പോള്‍ തന്നെ പോകണം. സമ്മാനം കാണുമ്പോള്‍ ഫ്രിഡി അത്ഭുതപ്പെടും. അങ്ങനെ ഓരോന്നു ചിന്തിച്ച് അവന് ആ രാത്രിയില്‍ ഉറങ്ങാനേ കഴിഞ്ഞില്ല.
വെളുപ്പന് പള്ളി മണി മുഴങ്ങിയപ്പോള്‍ അവനെഴുന്നേറ്റ് പല്ല് തേച്ച് വേഷം മാറി സമ്മാനവും കൈയിലെടുത്ത് നിമ്മി മുത്തശ്ശിയുടെ വീട് ലക്ഷ്യമാക്കി നടന്നു. വീടെത്താറായാപ്പോള്‍ മുത്തശ്ശിയുടെ ചുവന്ന കാറ് റോഡിന്‍റെ വളവ് തിരിഞ്ഞ് പോകുന്നത് അവന്‍ അവ്യക്തമായി കണ്ടു. അവന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. പിന്നീട് അവന്‍റെ നടത്തം കാറിനു പിന്നാലെയുള്ള ഓട്ടമായി മാറിയത് പെട്ടെന്നായിരുന്നു.
അവനു പിന്നില്‍ നിമ്മി മുത്തശ്ശിയുടെ ബംഗ്ലാവിന്‍റെ ഗേറ്റ് പൂട്ടിക്കിടന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments